കേരളത്തിലെ 20 സീറ്റും ഇടതുപക്ഷത്തിന് നൽകിയാൽ കേന്ദ്രത്തിൽ ബിജെപിയെ പുറത്താക്കും: കോടിയേരി
'കോൺഗ്രസ് എവിടെയാണ് ഇപ്പോൾ ഉള്ളത്. ഉണ്ടെങ്കിലല്ലേ കോൺഗ്രസിന് പ്രാധാന്യം വരുന്നത്'
കണ്ണൂർ: കേരളത്തിലെ എല്ലാ ലോക്‌സഭാ സീറ്റിലും ഇടതുമുന്നണിയെ വിജയിപ്പിച്ചാൽ കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയെ നേരിടാൻ കോൺഗ്രസിന് കെൽപ്പില്ലെന്നും പ്രതിപക്ഷ വിശാല സഖ്യത്തിന് ഇടതുപക്ഷം മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള വാർത്താ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
'2004ലേതു പോലുള്ള സ്ഥിതി രാജ്യത്തുണ്ടായാൽ മാത്രമേ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സാധിക്കൂ. അതിന് സാധിക്കണമെങ്കിൽ... 2004ൽ കേരളത്തിൽ ഇരുപത് സീറ്റിൽ 18 സീറ്റിലും ഇടതുപക്ഷമാണ് ജയിച്ചത്. അതുകൊണ്ട് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിൽ എല്ലായിടത്തും ഇടതുപക്ഷത്തെ ജയിപ്പിക്കണം. അതുവഴിയാണ് ബിജെപിയെ പുറത്താക്കാൻ സാധിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും യുഡിഎഫിന് കിട്ടിയിട്ടും എന്താണ് ഉണ്ടായ അനുഭവം. അവർക്ക് പാർലമെന്റിൽ ഒരു പ്രതിപക്ഷമാകാൻ പോലും സാധിച്ചില്ല. ഈയനുഭവത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ പരമാവധി സീറ്റ് ഇടതുപക്ഷത്തിന് നൽകിയാൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സാധിക്കും.' - അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചെന്നും ബിജെപിക്കെതിരെ ബദൽ ആകാനുള്ള കെൽപ്പ് അവർക്ക് നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. 'ബിജെപിക്കെതിരായി ദേശീയ തലത്തിൽ വിശാലസഖ്യം വരേണ്ടതുണ്ട്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണം. എന്നാൽ കോൺഗ്രസിനെ മുമ്പിൽ നിർത്തി അതു സാധ്യമല്ല. അതാണ് ഞങ്ങൾ പറയുന്നത്. ബിജെപിക്കെതിരെ മതനിരപേക്ഷ കക്ഷികളെ ഒരുമിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും. കോൺഗ്രസ് എവിടെയാണ് ഇപ്പോൾ ഉള്ളത്. ഉണ്ടെങ്കിലല്ലേ കോൺഗ്രസിന് പ്രാധാന്യം വരുന്നത്. ഇവിടെ കോൺഗ്രസ് കുറച്ച് ഉണ്ടെന്ന് വിചാരിച്ചിട്ട്, ഇന്ത്യയിൽ കോൺഗ്രസിന്റെ സ്ഥിതിയെന്താണ്? ഉത്തർപ്രദേശിൽ കോൺഗ്രസിന് എഴുന്നേറ്റു നിൽക്കാൻ സാധിക്കുന്നുണ്ടോ? അവിടെ അഖിലേഷ് യാദവും ബിഹാറിൽ ലാലുവിന്റെ പാർട്ടിയുമാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും സ്ഥിതിയാണിത്. ഇല്ലാത്ത കോൺഗ്രസ് ബദൽ എന്നു പറഞ്ഞിട്ട് ആരു വിശ്വസിക്കാനാണ്.' - അദ്ദേഹം ചോദിച്ചു.
എല്ലാ വിഭാഗത്തിൽപ്പെട്ടയാളുകളും ഉള്ള പാർട്ടിയാണ് സിപിഎമ്മെന്നും അത് ഓരോ സ്ഥലത്തിലെ കമ്മിറ്റികൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും കോടിയേരി പറഞ്ഞു. നേരത്തെ, കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആരുമില്ലെന്ന് കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.
Summary: CPM state secretary Kodiyeri Balakrishnan said that if the Left Front wins all the Lok Sabha seats in Kerala, the BJP can be ousted from power at the Center. He said the Congress would not be able to fight the BJP and the Left would take the initiative for a broad opposition alliance.