വേണ്ടി വന്നാൽ കോൺഗ്രസ് വിമോചനസമരം നടത്തും: കെ. സുധാകരൻ

കെ റെയിലിന്റെ കുറ്റി പറിക്കുമെന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവർ കുറ്റിയും പറിച്ച് ഓടിയെന്നും കെ.പി.സി.സി പ്രസിഡൻറ്

Update: 2022-12-01 15:13 GMT
Advertising

വേണ്ടി വന്നാൽ സംസ്ഥാനത്ത് ഒരു വിമോചനസമരം കോൺഗ്രസ് നടത്തുമെന്നും മത്സ്യത്തൊഴിലാളികളുടെ കൂടെ കോൺഗ്രസ് നിൽക്കുമെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തു പറഞ്ഞാലും ആക്രമണത്തിലേക്ക് പോകണമെന്ന് വൈദിക സമൂഹം പറയുമെന്ന് ലോകത്തുള്ള ആരും പറയില്ലെന്നും ആക്രമണത്തിലേക്ക് പോകാൻ തൊഴിലാളികളെ പ്രേരിപ്പിച്ചത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ്പിന്റെ പേരിലെടുത്തത് കള്ളക്കേസാണെന്നും ചൂണ്ടിക്കാട്ടി.

സമൂഹത്തിന് സമാധാനപൂർണമായി ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കരുതെന്നും അത്തരം സാഹചര്യമുണ്ടായാൽ സമരത്തിന് ഇറങ്ങാതെ നിവൃത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞത്ത് പദ്ധതിയുമായി സർക്കാറിന് മുന്നോട്ട് പോകാം. പക്ഷേ തൊഴിലാളികളെ പുനരധിവസിപ്പിച്ച ശേഷം മാത്രമേ പദ്ധതി തുടങ്ങാവൂവെന്നും പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ നീതിയും ന്യായവുമില്ലെന്നും ഉത്തരവ് നടപ്പിലാക്കാൻ ഭരണകൂടവും ഇല്ലെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. 

കെ റെയിലിന്റെ കുറ്റി പറിക്കുമെന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവർ കുറ്റിയും പറിച്ച് ഓടിയെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിവരമില്ലാതെ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ രക്തസാക്ഷിത്വം വഹിക്കുകയാണെന്നും പറഞ്ഞു. മുഖ്യമന്ത്രിയാണ് അഴിമതിയുടെ കേന്ദ്രമെന്ന് ഗവർണർ പറയുന്ന അവസ്ഥ വന്നുവെന്നും കുറ്റപ്പെടുത്തി. ഇക്കാര്യങ്ങൾ തിരുത്തിക്കേണ്ട സിപിഎം അഖിലേന്ത്യാ നേതൃത്വം പിണറായിയുടെ മുൻപിൽ പാവകളായി മാറിയെന്നും പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News