ചൂടു പക്കവട, ചമ്മന്തി, കുടം കുലുക്കി സർബത്ത്; മിസ് ചെയ്യരുതെന്ന് രാഹുൽ ഗാന്ധി
കൊളിയാടിയിലെ എസ്എസ് കൂൾബാറിന്റെ വിശേഷങ്ങളാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്
ബത്തേരി: ലോക്‌സഭാ മണ്ഡല സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ഹോട്ടലിൽ കയറുന്നതും ആളുകളുമായി കുശലം പറയുന്നതും വാർത്തയല്ലാതായി മാറിയിട്ടുണ്ട്. കനത്ത സുരക്ഷാവ്യൂഹത്തിനിടയിലും സാധാരണക്കാരുമായുള്ള ചായക്കട സംവാദം രാഹുലിന്റെ പതിവാണ്. ഇത്തവണത്തെ സന്ദർശനത്തിൽ ഒരു ഹോട്ടൽ രുചിയാണ് രാഹുൽ പരിചയപ്പെടുത്തിയത്. കൊളിയാടിയിലെ എസ്എസ് കൂൾബാറിന്റെ വിശേഷങ്ങളാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്.
'കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽനിന്ന് ചൂടു പക്കാവടയും ചമ്മന്തിയും വയനാടൻ കുടംകുലുക്കി സർബത്തും നന്നായി ആസ്വദിച്ചു. നിങ്ങൾ ഞങ്ങളുടെ വയനാട്ടിൽ ഉണ്ടെങ്കിൽ ഇതു മിസ് ചെയ്യരുത്'- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ രാഹുൽ ട്വിറ്ററിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. കെ.സി വേണുഗോപാൽ, ടി സിദ്ദീഖ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് രാഹുൽ കൂൾബാറിലെത്തിയത്.
വയനാട്ടിലെ എംപി ഓഫീസിന് നേരെ എസ്എഫ്‌ഐ നടത്തിയ അക്രമത്തിന് ശേഷം ആദ്യമായാണ് രാഹുൽ മണ്ഡലത്തിലെത്തിയത്. മണ്ഡലത്തിലെ വിവിധ പരിപാടികളാണ് കോൺഗ്രസ് നേതാവ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം മലപ്പുറം വണ്ടൂരിൽ വാഹനാപകടത്തിൽപ്പെട്ടയാളെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. കോൺഗ്രസ് പൊതുയോഗത്തിന് ശേഷം മമ്പാട് ഗസ്റ്റ്ഹൗസിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
അതിനിടെ, ബിജെപിയെ എതിർക്കുന്നവരെയാണ് ഇ.ഡി ചോദ്യം ചെയ്യുക എന്ന് രാഹുൽഗാന്ധി പറഞ്ഞു. സിപിഎം- ബിജെപി ധാരണയുള്ളതുകൊണ്ടാണ് സിപിഎം നേതാക്കളെ ഇഡി ചോദ്യം ചെയ്യാത്തത്. അഞ്ചു ദിവസം തന്നെ ചോദ്യം ചെയ്ത ഇ.ഡി എന്തുകൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ചോദിച്ചു.