ഐഎഫ്എഫ്‌കെ നീട്ടിവെച്ചു; ഫെബ്രുവരി നാല് മുതൽ 11 വരെ
നേരത്തെ ഡിസംബർ പത്തുമുതൽ 17 വരെ സ്ഥിരംവേദിയായ തിരുവനന്തപുരത്ത് വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഫെബ്രുവരി നാലിന് തുടങ്ങുന്ന ചലച്ചിത്രമേളയുടെ വേദിയും തിരുവനന്തപുരം തന്നെയാണ്.
26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) നീട്ടിവെച്ചു. അടുത്തവർഷം ഫെബ്രുവരി നാല് മുതൽ 11 വരെയാണ് ചലച്ചിത്രമേള നടക്കുകയെന്ന് സിനിമ - സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു. നേരത്തെ ഡിസംബർ പത്തുമുതൽ 17 വരെ സ്ഥിരംവേദിയായ തിരുവനന്തപുരത്ത് വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഫെബ്രുവരി നാലിന് തുടങ്ങുന്ന ചലച്ചിത്രമേളയുടെ വേദിയും തിരുവനന്തപുരം തന്നെയാണ്. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഫെബ്രുവരി നാലിന് വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ മാസം നടത്താൻ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (ഐഎസ്എഫ്ഡികെ) 2021 ഡിസംബർ ഒമ്പത് മുതൽ 14 വരെ തിരുവനന്തപുരം ഏരീസ് പ്ലക്സ് എസ്എൽ തിയേറ്റർ കോംപ്ലക്സിലെ നാല് സ്‌ക്രീനുകളിൽ നടക്കും. സർക്കാർ നിർദേശങ്ങൾക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും മേളകൾ സംഘടിപ്പിക്കുക.