ബജറ്റിൽ സി.പി.ഐ വകുപ്പുകളോട് അവഗണന; സംസ്ഥാന കൗൺസിലിൽ രൂക്ഷവിമർശനം

ബജറ്റിൽ സപ്ലൈകോയെ തീർത്തും അവഗണിച്ചെന്നും പാർട്ടി വകുപ്പുകളോട് ഭിന്നനയമാണെന്നുമാണ് വിമർശനം.

Update: 2024-02-10 16:12 GMT
Advertising

തിരുവനന്തപുരം: ബജറ്റിൽ സി.പി.ഐ വകുപ്പുകളോടുള്ള അവഗണനയിൽ സി.പി.ഐ സംസ്ഥാന കൗൺസിലിൽ രൂക്ഷവിമർശനം. ബജറ്റിൽ സപ്ലൈകോയെ തീർത്തും അവഗണിച്ചെന്നും പാർട്ടി വകുപ്പുകളോട് ഭിന്നനയമെന്നും വിമർശനം.

വിമർശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. അനാവശ്യ ചർച്ചയിലേക്ക് പോകരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിൽ മുഖ്യമന്ത്രിയും വിമർശനമുന്നയിച്ചിരുന്നു. വിദേശ സർവകലാശാല മുന്നണിയുടെ നയവ്യതിയാനമാണെന്നും വിഷയം എൽ.ഡി.എഫിൽ ഉന്നയിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സിവിൽ സപ്ലൈസ് വകുപ്പ് മുന്നോട്ടുപോകുന്നത്. അവശ്യസാധനങ്ങൾ ലഭ്യമാകുന്നില്ലെന്ന പരാതി തുടർച്ചയായി വകുപ്പ് നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങൾ ഭക്ഷ്യവകുപ്പ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ബജറ്റ് പ്രഖ്യാപിച്ചപ്പോൾ കടുത്ത നിരാശയായിരുന്നു ഫലം. റേഷൻ വിതരണത്തിലെ സാമ്പത്തിക തടസ്സം പരിഹരിക്കുന്നതിനും ബജറ്റിൽ പ്രഖ്യാപനം ഉണ്ടായില്ല. വകുപ്പുമായി ബന്ധപ്പെട്ട കാര്യം ബജറ്റിൽ ഒറ്റവാക്കിൽ ഒതുക്കിയതിലും ഭക്ഷ്യവകുപ്പിന് എതിർപ്പുണ്ട്.

സി.പി.ഐയുടെ മറ്റ് മൂന്ന് വകുപ്പുകളുടെയും അവസ്ഥ ഇത് തന്നെയായിരുന്നു. കടുത്ത പ്രതിഷേധമുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കുമ്പോൾ അത് പൊതുസമൂഹത്തിനുമുന്നിൽ ഉയർത്താൻ സി.പി.ഐ തയ്യാറായിരുന്നില്ല. അതിനിടെയാണ് സംസ്ഥാന നേതൃയോഗത്തിൽ വിമർശനമുയർന്നത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News