അനധികൃത ഇരുമ്പയിര് കടത്ത്: കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ്
അർജുനായുള്ള രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ
ബെംഗളൂരു: കർണാടകയിലെ ബെലേക്കേരി അനധികൃത ഇരുമ്പയിര് കടത്ത് കേസിൽ കാർവാർ എംഎൽഎയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷം തടവും 9.6 കോടി രൂപ പിഴയുമാണ് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചത്. വഞ്ചനാ കേസിൽ ഏഴ് വർഷം തടവും ഒമ്പത് കോടി രൂപ പിഴയും മോഷണക്കേസിൽ ഏഴ് വർഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
ഇരുമ്പയിര് കടത്തിയ കേസിൽ സെയിലിനെ കഴിഞ്ഞ ദിവസമാണ് സിബിഐ അറസ്റ്റ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇളവു വേണമെന്നും എംഎൽഎ വാദിച്ചെങ്കിലും കോടതി ശിക്ഷയിളവ് കാര്യമായി പരിഗണിച്ചിട്ടില്ല.
ഷിരൂരിലെ ഗംഗാവലി പുഴയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ സജീവമാകുകയും സഹായങ്ങൾ നൽകുകയും ചെയ്തതോടെയാണ് സതീഷ് കൃഷ്ണ സെയിൽ വാർത്തകളിൽ ഇടം പിടിച്ചതും മലയാളികൾക്ക് പരിചിതനായതും.