പനമരത്തെ അനധികൃത റിസോർട്ട് നിർമാണം: സ്‌റ്റോപ്പ് മെമ്മോ നൽകിയെന്ന് പഞ്ചായത്ത് പ്രസിഡന്റ്, ഇല്ലെന്ന് സെക്രട്ടറി
നിർമ്മാണത്തിന് നാലുദിവസം മുമ്പ് സ്റ്റോപ്പ് മെമ്മോ നൽകിയെന്നായിരുന്നു പഞ്ചായത്ത് പ്രസിഡൻറിന്റെ വാദം
വയനാട്: പനമരത്ത് അനധികൃതമായി റിസോർട്ട് നിർമ്മിച്ചെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം തള്ളി പഞ്ചായത്ത് സെക്രട്ടറി അനിൽ രാമകൃഷ്ണൻ. കുണ്ടാല വയലിലെ നിർമാണ പ്രവർത്തികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടില്ല. ചെറിയ ചില അപാകതകൾ മാത്രമാണ് സ്ഥലത്തുള്ളതെന്നും സെക്രട്ടറി മീഡിയവണിനോട് പറഞ്ഞു. നിർമ്മാണത്തിന് നാലുദിവസം മുമ്പ് സ്റ്റോപ്പ് മെമ്മോ നൽകിയെന്നായിരുന്നു പഞ്ചായത്ത് പ്രസിഡൻറിന്റെ വാദം.
റിസോർട്ടിനായി വയൽ മണ്ണിട്ട് നിരത്തി റോഡ് നിർമിച്ചു. വയലിലൂടെ മൂന്നടി വീതിയിൽ കരിങ്കൽ ഭിത്തികെട്ടിയിട്ടുണ്ട്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് പ്രവർത്തികൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
18 ഏക്കർ ഭൂമയിലാണ് റിസോർട്ട് നിർമാണം നടക്കുന്നത്. ഒരു കിലോമീറ്ററോളം റോഡ് പണിതിരിക്കുന്നത് വയൽ നികത്തി മണ്ണിട്ട് വയലിലൂടെ തന്നെ മൂന്നടി വീതിയിൽ ഒരു കിലോമീറ്ററോം ദൂരത്തിൽ കരിങ്കൽ ഭിത്തിയും പണിതിട്ടുണ്ട്. റിസോർട്ടിനായി കുന്നിടിച്ചും നിർമാണം നടക്കുന്നുണ്ട്. പനമരം പഞ്ചായത് ഒന്നാം വാർഡിലെ കുണ്ടാല വയലിലാണ് ഈ നിർമാണ പ്രവർത്തനങ്ങൾ. പാലക്കാട് പട്ടാമ്പി സ്വദേശികളായ മുഹമ്മദ് റാഫി, നർഗീസ് ബാനു എന്നിവരുടെ പേരിലുള്ള ഭൂമിയിലാണ് മാസങ്ങളായി ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. നിയമലംഘനം ഉണ്ടായെന്ന് പഞ്ചായത്ത് സെക്രട്ടറി അനിൽ രാമകൃഷ്ണൻ പറയുന്നു. എന്നാൽ ഗുരുതര ലംഘനമല്ലെന്നും അദ്ദേഹം പറയുന്നു.
ഒറ്റനോട്ടത്തിൽ ആർക്കും കാണാവുന്ന നിയമ ലംഘനങ്ങളുണ്ടായിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കാത്തത് ദുരൂഹമാണെന്ന് പൊതുപ്രവർത്തകർ പറയുന്നു.ഉത്തരവാദപ്പെട്ടവർ ഒളിച്ചുകളി തുടരുന്ന പക്ഷം, ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.അവശേഷിക്കുന്ന പച്ചപ്പെങ്കിലും കോൺക്രീറ്റ് കാടുകൾക്ക് വഴിമാറാതിരിക്കാൻ അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.