എറണാകുളത്ത് കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്ക് നെടുകെ പിളർന്നു
ഗുണനിലവാരമില്ലാത്ത ടാങ്കാണ് സ്ഥാപിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു
കൊച്ചി: എറണാകുളം മുടക്കുഴയിൽ കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്ക് നെടുകെ പിളർന്നു. മുടക്കുഴ പഞ്ചായത്ത് എട്ടാം വാർഡിൽ ജില്ലാപഞ്ചായത്ത് നിർമിച്ച ടാങ്കാണ് തകർന്നത്. ഗുണനിലവാരമില്ലാത്ത ടാങ്കാണ് സ്ഥാപിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് എറണാകുളം ജില്ലാപഞ്ചായത്ത് 24 ലക്ഷം രൂപ മുടക്കി മുടക്കുഴ എട്ടാം വാർഡിൽ 35 കുടുംബങ്ങൾക്കായി കുടിവെള്ള പദ്ധതി കൊണ്ടുവന്നത്.
പദ്ധതിയുടെ ഭാഗമായി പതിനായിരം ലിറ്ററിന്റെ രണ്ട് വാട്ടർ ടാങ്കുകൾ ഇവിടെ സ്ഥാപിച്ചു. എന്നാൽ ഇന്ന് രാവിലെ ഇതിൽ ഒരു ടാങ്ക് നെടുകെ പിളർന്ന് തകരുകയായിരുന്നു. ഗുണ നിലവാരമിലാത്ത ടാങ്കായതാണ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ടാങ്ക് തകർന്ന് വെള്ളം കുത്തിയൊലിച്ച് വന്നതോടെ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മതിലും തകർന്നു. നിലവിൽ ഈ പ്രദേശത്ത് കുടിവെള്ളം മുട്ടിയ അവസ്ഥയാണുള്ളത്. എത്രയും വേഗം പരിഹാരം കാണണമെന്നും കരാറുകാരനെതിരെ നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.