ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കള്‍ക്ക് ഊരുവിലക്ക്; മലയോര ഗ്രാമങ്ങളില്‍ തുടർക്കഥയായി ഊരുവിലക്ക്
ഇതിന് മുമ്പ്, മറയൂരില്‍ ജാതിമാറി വിവാഹം ചെയ്തതിന് ഊരുവിലക്കിയതും, വട്ടവടയില്‍ താഴ്ന്ന ജാതിയായതിനാല്‍ മുടിവെട്ടിക്കൊടുക്കില്ലെന്ന വിലക്കും വാർത്തയായിരുന്നു...
ഇടുക്കിയിലെ മലയോര ഗ്രാമങ്ങളില്‍ ഊരുവിലക്ക് തുടർക്കഥയാകുന്നു. മറയൂരില്‍ ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെയാണ് ഊരുവിലക്കിയത്. പാരമ്പര്യ ആചാരവും വിശ്വാസവും ലംഘിച്ചുവെന്ന പേരിലാണ് ശിക്ഷ. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
പെരിയകുടി, കമ്മാളംകുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടിക്കുടി, കുത്തുകല്‍, കവക്കുട്ടി എന്നീ ആദിവാസി കുടികളിലെ യുവാക്കളാണ് ഊരുവിലക്ക് നേരിട്ട് കഴിയുന്നത്. ആട്, കോഴി എന്നീ മാംസം കഴിക്കാറുണ്ടെങ്കിലും ഇവിടുത്തെ ആദിവാസികള്‍ ബീഫ് കഴിക്കരുതെന്നാണ് വിശ്വാസം.
ഊരുകൂട്ടം വിലക്കേർപ്പെടുത്തിയപ്പോള്‍ വെച്ച വ്യവസ്ഥകള്‍ ഇങ്ങനെയാണ്... കുടികളില്‍ കയറാമെങ്കിലും വീടിനുള്ളില്‍ കയറാന്‍ അനുവാദമില്ല. ഭാര്യ, മക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി ബന്ധം പുലർത്തരുത്. ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കഴിക്കണം.
ഈ നിബന്ധനകളെ തുടർന്ന് യുവാക്കള്‍ അഭയം തേടിയത് ആള്‍പ്പാർപ്പില്ലാത്ത കുടികളിലും കാട്ടിലുമൊക്കെയാണ്. സംഭവത്തില്‍ പൊലീസും, സ്പെഷ്യല്‍ ബ്രാഞ്ചും, പഞ്ചായത്തും അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പ്, മറയൂരില്‍ ജാതിമാറി വിവാഹം ചെയ്തതിന് ഊരുവിലക്കിയതും, വട്ടവടയില്‍ താഴ്ന്ന ജാതിയായതിനാല്‍ മുടിവെട്ടിക്കൊടുക്കില്ലെന്ന വിലക്കും വാർത്തയായിരുന്നു..