കുട്ടമ്പുഴയിൽ കാട്ടാന ശല്യം രൂക്ഷം; വനപാലകർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
സത്രപ്പടി പുറമല കോളനി ഭാഗത്ത് ഇന്നലെ കാട്ടാനക്കൂട്ടമിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി
കൊച്ചി: എറണാകുളം കുട്ടമ്പുഴയിൽ ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങുന്നത് പതിവാകുന്നു. സത്രപ്പടി പുറമല കോളനി ഭാഗത്ത് ഇന്നലെ കാട്ടാനക്കൂട്ടമിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. കാട്ടാനകളെ തുരത്താൻ നടപടികളെടുക്കുന്നില്ലെന്നാരോപിച്ച് വനപാലകർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
വർഷങ്ങൾക്ക് മുമ്പ് റോഡ് പുറമ്പോക്ക് ഒഴിപ്പിച്ച് സർക്കാർ പുനരധിവസിപ്പിച്ച 20 ഓളം കുടുംബങ്ങളാണ് കുട്ടമ്പുഴയിലെ പുറമല കോളനിയിൽ താമസിക്കുന്നത്. സന്ധ്യയായാൽ കോളനിയിലേക്കുള്ള റോഡ് കാട്ടാനകൾ കൈയ്യടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി കൂട്ടമായി എത്തിയ ആനകൾ കൃഷികളും, വൈദ്യുതി പോസ്റ്റുകളും കയ്യാലകളും നശിപ്പിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ളവരെ നാട്ടുകാർ തടഞ്ഞു നിർത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ഈ പ്രദേശത്തുള്ള രണ്ട് പേരെ താത്കാലിക വാച്ചർമാരായി നിയമിച്ചിട്ടുണ്ട്. രൂക്ഷമായ വന്യമൃഗ ശല്യത്തിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് കിഫ ജില്ല പ്രസിഡന്റ് സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.
തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനകളെ തുരത്താൻ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നാണ് നാട്ടുകാർ പറയുന്നത്.