മൂന്നാറില്‍ ഇ-ബുള്‍ജെറ്റ് മാതൃകയില്‍ രൂപമാറ്റം വരുത്തിയ ട്രാവലറും കാരവനും പിടികൂടി
വാഹനങ്ങള്‍ക്ക് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്ന് ആര്‍.ടി.ഒ അറിയിച്ചു
മൂന്നാറില്‍ ഇ-ബുള്‍ജെറ്റ് മാതൃകയില്‍ രൂപമാറ്റം വരുത്തിയ ട്രാവലറും കാരവനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഹിന്ദി വെബ് സീരീസിന്‍റെ ചിത്രീകരണത്തിനായി എത്തിയ വാഹനങ്ങളാണ് പിടിച്ചെടുത്തത്. വാഹനങ്ങള്‍ക്ക് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്ന് ആര്‍.ടി.ഒ അറിയിച്ചു.
പരിശോധന ശക്തമാക്കിയതോടെയാണ് നിയമം ലംഘിച്ചുള്ള ഈ വാഹനങ്ങള്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. ട്രാവലറും കാരവനും കസ്റ്റഡിയിലെടുത്ത് മൂന്നാർ പൊലീസിന് കൈമാറി. തൃശൂർ അയ്യന്തോള്‍ സ്വദേശി പ്രജീബിന്‍റേതാണ് ട്രാവലർ. കാരവന്‍ തൃശൂർ സ്വദേശി ബിജുവിന്‍റേതും. ഫിനാന്‍സ് കുടിശ്ശികയുള്ളതിനാല്‍ തമിഴ്നാട്ടില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്ത വാഹനമാണ് കാരവന്‍. പതിനെട്ട് സീറ്റുണ്ടായിരുന്ന ട്രാവലർ സീറ്റെല്ലാം ഒഴിവാക്കി അനധികൃതമായി മോടിപിടിപ്പിച്ചതാണ്. കാരവന് 3000 രൂപയും ട്രാവലറിന് 8000 രൂപയും പിഴ ചുമത്തി. കൃത്യമായ രേഖകള്‍ ഇരുവാഹനങ്ങള്‍ക്കുമുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി രജിസ്റ്റർ ചെയ്ത നിരവധി കാരവനുകളാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ണുവെട്ടിച്ച് നിയമവിരുദ്ധമായി നിരത്തുകളില്‍ ഓടുന്നത്. ഇവ പിടികൂടാന്‍ പരിശോധന ശക്തമാക്കുമെന്ന് ആർടിഒ അറിയിച്ചു.