മൂവാറ്റുപുഴയിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിൽ അവശേഷിച്ച 17 പന്നികളെ കൂടി കൊന്നൊടുക്കി
കഴിഞ്ഞ മാസം 21 നാണ് മൂവാറ്റുപുഴയിലെ മാറാടി പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചത്
കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ പന്നിപ്പനി സ്ഥിരീകരിച്ച മാറാടി പഞ്ചായത്തിലെ ശേഷിക്കുന്ന പന്നികളെ കൂടി കൊന്നൊടുക്കി. ഫാമിൽ അവശേഷിച്ച 17 പന്നികളെയാണ് കൊന്നത്. രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും, 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 21നാണ് മാറാടി പഞ്ചായത്തിലെ 13-ാം വാർഡിൽ പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിൽ ശേഷിക്കുന്ന പന്നികളെ കൊല്ലാൻ പ്രത്യേക റാപ്പിഡ് സംഘത്തെ നിയോഗിച്ചിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മറിയാമ്മ തോമസിന്റെ നേതൃത്വത്തിലാണ് 17 പന്നികളെയും കൊന്നൊടുക്കിയത്.
രോഗ ബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസത്തിന്റെ വിതരണവും തടഞ്ഞു. ഫാമിൽ നിന്ന് പന്നിമാംസം മറ്റിടങ്ങളിലേക്ക് കൊണ്ടുപോയോ എന്നുള്ളതും പരിശോധിക്കും. ഫാം നടത്തിപ്പുകാർക്കും ഫാമിലെ ജോലിക്കാർക്കും പ്രത്യേക നിർദ്ദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് നൽകി.