ആദ്യഘട്ടത്തിൽ 2,13,532 വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി; രണ്ടാംഘട്ട അലോട്ട്മെന്‍റ് 15ന്
അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു
തിരുവനന്തപുരം: ആദ്യഘട്ടത്തിൽ 2,13, 532 വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി. രണ്ടാംഘട്ട അലോട്ട്മെന്‍റ് ഈ മാസം 15ന് പ്രസിദ്ധീകരിക്കും. അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
തുടക്കത്തിൽ ചില പരാതികൾ ഉയർന്നിരുന്നു എങ്കിലും അതെല്ലാം പരിഹരിച്ചാണ് പ്ലസ് വൺ പ്രവേശനം പുരോഗമിക്കുന്നത്. ആഗസ്ത് നാലിന് പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്‍റിന്‍റെ നടപടികൾ പത്താം തീയതിയോടെ പൂർത്തിയായി. ആദ്യഘട്ടത്തിൽ 2,13, 532 പേർ പ്രവേശനം നേടി. ഇതിൽ 1,19,475 പേർ സ്ഥിരമായ 94,057 പേർ താത്കാലികമായുമാണ് പ്രവേശനം നേടിയത്. രണ്ടാംഘട്ട അലോട്ട്മെന്‍റ് ഈ മാസം 15ന് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട പ്രവേശനം 16, 17 തീയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് ആഗസ്ത് 22 നാണ് പ്രസിദ്ധീകരിക്കുക. 22, 23,24 തിയതികളിലായി ഇതിന്‍റെ പ്രവേശനവും പൂർത്തിയാക്കും.
ശേഷം പ്ലസ് വൺ ക്ലാസുകൾ ഈ മാസം 25ന് ആരംഭിക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ക്രമീകരണം. അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റിന് ശേഷം അന്തിമ വിലയിരുത്തിലുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.