തോണ്ടിമലയിൽ കാട്ടാന ആക്രമണം;ഒരു വീട് പൂർണമായും തകർന്നു

വീട്ടിലുള്ളവർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല

Update: 2021-12-29 01:50 GMT
Editor : Lissy P | By : Web Desk
Advertising

ഇടുക്കി ബോഡിമെട്ടിന് സമീപം തോണ്ടിമലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു.ഒരു വീട് പൂർണമായും മറ്റൊരു വീട് ഭാഗികമായും കാട്ടാന തകർത്തു.വീട്ടിലുള്ളവർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തോണ്ടിമല സ്വദേശി സെൽവത്തിന്റെ വീടാണ് കാട്ടാന പൂർണമായും തകർത്തത്. സമീപവാസിയായ അമൽരാജിന്റെ വീടിനും കേടുപാട് പറ്റി. ആദ്യം ആക്രമണമുണ്ടായത് അമൽരാജിന്റെ വീടിന് നേരെയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ബഹളം വെച്ചതോടെ ആന സെൽവത്തിന്റെ വീട് ആക്രമിക്കുകയായിരുന്നു. പ്രായമായ അമ്മയെ താങ്ങിപ്പിടിച്ച് സെൽവം ജീവനുംകൊണ്ടോടിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സെൽവനും കുടുംബവും താത്കാലിക കേന്ദ്രത്തിലാണ് ഇപ്പോൾ താമസം.

നാട്ടുകാർ ചേർന്ന് ബഹളം വെച്ചതോടെയാണ് ആന പിൻവാങ്ങിയത്. ഒരാഴ്ചയിലേറെയായി പൂപ്പാറ, തോണ്ടിമല, കോരന്പാറ മേഖലകളിൽ ആറ് കാട്ടാനകൾ തമ്പടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.കാട്ടാനശല്യം ഒഴിവാക്കാൻ വനംവകുപ്പ് നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News