തിരുവനന്തപുരം മ്യൂസിയം പരിസരത്ത് സ്ത്രീയെ ആക്രമിച്ച പ്രതിക്കായി അന്വേഷണം ഊർജിതം
കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് അന്വേഷണ ചുമതല നൽകി
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പരിസരത്ത് സ്ത്രീയെ ആക്രമിച്ച പ്രതിക്കായി അന്വേഷണം ഊർജിതം. മ്യൂസിയത്ത് നിന്ന് പ്രതി രക്ഷപ്പെട്ട സ്ഥലങ്ങളിലെ സിസി ടിവി കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് അന്വേഷണ ചുമതല നൽകി.
അതിക്രമം നടന്ന് ആറാം ദിവസമെത്തുമ്പോഴും അന്വേഷണ സംഘത്തിന് പ്രതിയെക്കുറിച്ച് കൃത്യമായ സൂചനകൾ ഇല്ല . അതിക്രമത്തിന് ശേഷം മ്യൂസിയത്ത് നിന്ന് പാളയം ഭാഗത്തേക്ക് പ്രതി കാറിൽ രക്ഷപ്പെട്ടുവെന്നാണ് നിഗമനം. ഈ പ്രദേശത്തെ സിസിടിവി ശേഖരിച്ച അന്വേഷണ സംഘം പ്രതി സഞ്ചരിച്ച കാറിനെ കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ഇനി കേസന്വേഷിക്കുക. ഡി.സി.പി അജിത് കുമാർ മേൽനോട്ടം വഹിക്കും. സംശയമുള്ള പത്തിലേറെ പേരെ ചോദ്യം ചെയ്തെങ്കിലും എല്ലാവരെയും വിട്ടയച്ചിരുന്നു. പരാതിക്കാരിയെ സ്റ്റേഷനിൽ വിളിപ്പിച്ച് സംശയമുള്ളവരെ തിരിച്ചറിയൽ പരേഡ് നടത്തുന്നത് ഇന്നും തുടരും.