വയനാട് ദുരിതബാധിതർക്കുള്ള ധനസഹായത്തിൽ നിന്ന് ഇ.എം.ഐ ഈടാക്കിയ സംഭവം; തുക ഗ്രാമീൺ ബാങ്ക് തിരികെ നൽകി തുടങ്ങി

ഗ്രാമീൺ ബാങ്കിന്റെ നടപടിയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു

Update: 2024-08-19 06:40 GMT
Advertising

വയനാട്: ദുരിതബാധിതർക്ക്  ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപയിൽ നിന്ന് ഇ.എം.ഐ ഈടാക്കിയ തുക ഗ്രാമീൺ ബാങ്ക് തിരികെ നൽകി തുടങ്ങി. ഗ്രാമീൺ ബാങ്കിന്റെ നടപടിയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. ഇങ്ങനെയൊരു ഘട്ടത്തിൽ യാന്ത്രികമായി മാറാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർക്ക് അടിയന്തര സഹായമായി നൽകിയ തുകയാണ് ബാങ്ക് ഈടാക്കിയതെന്നും അദ്ദേഹം മണിക്കൂറുകൾക്ക് മുമ്പ് പറഞ്ഞിരുന്നു.

ദുരന്തബാധിതരിൽ നിന്ന് തുക പിടിച്ച കേരള ഗ്രാമിൺ ബേങ്കിന്റെ നടപടിയിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. കൽപ്പറ്റ ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിന് മുന്നിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സമരം നടന്നിരുന്നു. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺ​ഗ്രസ്, യൂത്ത് ലീ​ഗ് തുടങ്ങിയ യുവജന സംഘടനകൾ ഇന്ന് രാവിലെ ഏഴ് മണിമുതൽ പ്രതിഷേധം ആരംഭിച്ചിരുന്നു. ചെറിയ രീതിയിലുള്ള ലാത്തി ചാർജിലേക്കും സാഹചര്യം കടന്നിരുന്നു. പിന്നീട് സമരക്കാരുമായി ബാങ്ക് അധികൃതർ നടത്തിയ ചർച്ച നടത്തി. ഇതിനു പിന്നാലെയാണ് തുക തിരികെ നൽകാൻ ബാങ്ക് തീരുമാനിച്ചത്.

നിലവിൽ മൂന്ന് പേർക്കാണ് പണം തിരികെ നൽകിയത്. എന്നാൽ കൂടുതൽ പേർക്ക് പണം തിരികെ ലഭിക്കാനുണ്ടെന്നും അവർക്ക് മുഴുവന്‍‌ തുക ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സമരക്കാർ അറിയിച്ചു. സംഭവത്തിൽ ബാങ്ക് ജീവനക്കാർ നൽകിയ വിശദീകരണം ശരിയല്ലെന്നും യുവജന സംഘടനകളുടെ നേതാക്കള്‍ പറഞ്ഞു. 

ദുരിതബാധിതരിൽ നിന്ന് തുക ഈടാക്കിയതിനെതിരെ മീഡിയവൺ വാർത്ത നൽകിയിരുന്നു. ഇതിനേ തുടർന്ന് ലീഡ് ബാങ്കിന് ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം കത്തയച്ചു. ദുരന്തബാധിതർക്ക് നൽകിയ തുകയിൽ നിന്ന് ബാങ്ക് വായ്പ്പയുടേയും മറ്റും തുക കട്ട് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും 2024 ജൂലൈ 30ന് ശേഷം ഇന്നേ ദിവസം വരെ ഇത്തരത്തിൽ കട്ട് ചെയ്ത തുക തിരിച്ച് നൽകണമെന്നുമാണ് കലക്ടർ ഉത്തരവിട്ടത്.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News