ഇ.പിയുടെ ഭാര്യ ചെയർപേഴ്‌സണായ കണ്ണൂർ വൈദേകം റിസോർട്ടിന് ഇൻകം ടാക്‌സ് നോട്ടീസ്

മുഴുവൻ രേഖകളും ഇന്ന് തന്നെ നൽകുമെന്ന് റിസോർട്ട് സി.ഇ.ഒ

Update: 2023-03-08 05:06 GMT

ഇ.പി ജയരാജന്‍, വൈദേകം റിസോര്‍ട്ട്

Advertising

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ കണ്ണൂർ വൈദേകം റിസോർട്ടിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഇന്ന് ഹാജരാക്കാനാണ് നിർദേശം നൽകിയത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഇന്ന് തന്നെ നൽകുമെന്ന് റിസോർട്ട് സിഇഒ അറിയിച്ചു.

അതേസമയം, വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് ഇ.പി ജയരാജൻ പറഞ്ഞിരുന്നു. പാർട്ടിയിൽ നിന്നാണോ ഗൂഢാലോചനയെന്ന് പറയുന്നില്ല. സമയമാകുമ്പോൾ ആരെന്ന് വെളിപ്പെടുത്തുമെന്നും ജയരാജൻ പ്രതികരിച്ചു. വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല റിസോർട്ടിൽ നടന്നത് ടിഡിഎസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണെന്നും ഇ.പി കൂട്ടിച്ചേർത്തു.

കണ്ണൂർ മോറാഴയിലെ വൈദേകം റിസോർട്ടിൽ 8 മണിക്കൂറിൽ അധികമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നത്. നിക്ഷേപ സമാഹരണം, ഇതര സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം വിശദമായി പരിശോധിക്കും.

നികുതി വെട്ടിപ്പ് കണ്ടെത്തിയാൽ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും. എന്നാൽ വൈദേകം റിസോർട്ടിൽ നടന്നത് സാധാരണ പരിശോധനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നത്. അതിനിടെ കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ നൽകിയ പരാതിയിൽ ഇ.ഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിസോർട്ടിലെ നിക്ഷേപകരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാണ് പരാതി. റിസോർട്ടിന്റെ മറവിൽ മുൻ ചെയർമാൻ അടക്കമുള്ളവർ കള്ളപ്പണം വെളുപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഇ.ഡി നേരിട്ട് പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.


Full View


Income tax notice to Kannur Vaidekam Resort

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News