'സ്ഥാനാർഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പൊലീസ് മുഖത്തടിച്ചു'; ലൈവില്‍ പൊട്ടിക്കരഞ്ഞ് കോട്ടയത്തെ സ്വതന്ത്ര സ്ഥാനാർഥി

തന്‍റെ ജീവിതത്തിൽ ഇതുപോലൊരു നാണക്കേട് മുമ്പ് അനുഭവിച്ചിട്ടില്ലെന്നും സന്തോഷ് പുളിക്കൽ

Update: 2024-04-19 07:13 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: സ്ഥാനാർഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പൊലീസ് അടിച്ചെന്ന പരാതിയുമായി കോട്ടയത്തെ സ്വതന്ത്ര സ്ഥാനാർഥി സന്തോഷ് പുളിക്കൽ. ഒരു കള്ളനെപ്പോലെ പൊലീസ് കോളറിൽ പിടിച്ച് ജീപ്പിൽ കയറ്റിക്കൊണ്ടുപോയെന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ച ലൈവ് വീഡിയോയിൽ സന്തോഷ് പറയുന്നു. രാഹുൽ ഗാന്ധിയെ കാണാൻ നിൽക്കുമ്പോൾ പൊലീസുകാരോട് വോട്ട് ചോദിച്ചെന്നും ഇതിന്റെ പേരിൽ തന്നെ പൊലീസുകാർ ജീപ്പിൽ കയറ്റികൊണ്ടുപോകുകയും മർദിക്കുകയും ചെയ്‌തെന്നും സന്തോഷ് ആരോപിക്കുന്നു.

'ഇവിടെ ജനാധിപത്യമില്ല. പാർട്ടിക്കാരുടെയും പണക്കാരുടെയും ചൂതാട്ടമാണ് ഇവിടെ നടക്കുന്നത്. അതിന് അടിമകളായി ഇവിടെ കുറേ ഉദ്യോഗസ്ഥരും ഉണ്ട്. സാധാരണക്കാരെ ഇവിടെ ഒരുവിലയുമില്ല. വ്യാഴാഴ്ച തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണക്കുകൾ കൊടുക്കുന്നതിന് കലക്ടറേറ്റിൽ പോയിരുന്നു. രാഹുൽ ഗാന്ധി കോട്ടയത്ത് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാൻ വേണ്ടി അവിടെ നിന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് വോട്ട് ചോദിക്കുകയും ചെയ്തു. എന്നാൽ ഇവിടെ നിന്ന് വോട്ട് ചോദിക്കരുതെന്നും കസ്റ്റഡിയിലെടുക്കുമെന്നും ഭീഷണിപ്പെടുത്തി. താൻ സ്വതന്ത്ര സ്ഥാനാർഥിയാണെന്ന് പോലും പരിഗണിക്കാതെ തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു'. ജീപ്പിൽ വെച്ച് തന്നെ മർദിക്കുകയും ചെയ്തന്നാണ് സന്തോഷിന്റെ പരാതി.

'സാധാരണക്കാർ സ്ഥാനാർഥിയായാൽ അതിനൊരു വിലയുമില്ല. എല്ലാവരും പാവങ്ങളുടെ പേര് പറഞ്ഞാണ് വോട്ട് നേടുന്നത്. ആ പാവങ്ങളെ തല്ലിച്ചതക്കുന്നതാണോ പൊലീസ് നീതി? സ്റ്റേഷനിൽ ചെന്ന് കഴിഞ്ഞ് തിരിച്ചറിയൽ കാർഡ് കാണിച്ചപ്പോഴാണ് സ്ഥാനാർഥിയാണെന്ന് പൊലീസ് വിശ്വസിച്ചത്. ക്രിമിനലിനെപോലെയാണ് പൊലീസ് പെരുമാറിയെന്നും സന്തോഷ് ആരോപിച്ചു. ജീപ്പില്‍ വെച്ച് എ.എസ്.ഐ കരണത്തടിക്കുകയും ചെയ്തു. തന്റെ ജീവിതത്തിൽ ഇതുപോലൊരു നാണക്കേട് മുമ്പ് അനുഭവിച്ചിട്ടില്ല. ഇത്രയൊക്കെ നടന്നിട്ടും എം.എൽ.എയും കലക്ടറുമെല്ലാം കണ്ടഭാവം നടിച്ചില്ല. തനിക്ക് ഇനി ആരും വോട്ടുചെയ്യരുതെന്നും സന്തോഷ് വീഡിയോയില്‍ പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News