ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ദേശീയ നേതൃത്വത്തിൽ ധാരണ

മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായി അഡ്‌ഹോക്ക് കമ്മിറ്റി നിലവിൽ വരും..

Update: 2022-02-13 07:31 GMT
Advertising

ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ദേശീയ നേതൃത്വത്തിൽ ധാരണ. മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായി അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വരും. അഡ്ഹോക്ക് കമ്മിറ്റിയിൽ വഹാബ് പക്ഷത്തെ ആരെയും ഉൾപ്പെടുത്തിയേക്കില്ല..

നേരത്തെ ഐ.എന്‍.എല്ലില്‍ പിളർപ്പുണ്ടായിരുന്നെങ്കിലും ഇടതുമുന്നണി അന്ത്യശാസനം നല്‍കിയതോടെ ഇരുവിഭാഗങ്ങളും യോജിച്ചുപോകുകയായിരുന്നു. എന്നാല്‍ പ്രധാന പ്രശ്നങ്ങളിൽ സംഘടനയ്ക്കകത്ത് തർക്കം തുടരുകയായിരുന്നു. എൽ.ഡി.എഫ് നൽകിയ ബോ‍ർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ പങ്കിടുന്നതിലടക്കം ഇരുവിഭാഗങ്ങളും തർക്കിച്ചു. ഇനിയും യോജിച്ച് പോകാനാവില്ലെന്ന ഉറച്ച നിലപാടില്‍ കാസിം ഇരിക്കൂർ പക്ഷമെത്തി. അന്തിമ തീരുമാനം എടുക്കാൻ ദേശീയ എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട് ഓൺലൈനിൽ ചേരും.

നേരത്തെ കാസർകോഡ് ജില്ലയിലെ ഐ.എൻ.എൽ അംഗത്വ വിതരണോദ്ഘാടനത്തിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഒടുവില്‍ അബ്ദുല്‍ വഹാബ് പക്ഷത്തെ അനുകൂലിക്കുന്ന പ്രവർത്തകരെ പുറത്താക്കിയ ശേഷമാണ് പരിപാടി തുടർന്നത്.

അഖിലേന്ത്യ ട്രഷറർ ഡോ.എ. അമീന്‍റെ നേതൃത്വത്തിൽ നടന്ന ചടങ്ങിനിടെയാണ് കാസിം ഇരിക്കൂർ-അബ്ദുല്‍ വഹാബ് പക്ഷക്കാർ തമ്മിൽ വാക്കേറ്റവും, ഉന്തും തള്ളും നടന്നത്. സംസ്ഥാന തലത്തിൽ നടക്കുന്ന സമവായ നീക്കങ്ങൾക്കിടെ അംഗത്വ വിതരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു അബ്ദുല്‍ വഹാബ് പക്ഷത്തിന്‍റെ നിലപാട്. ഇത് ചൂണ്ടിക്കാട്ടിയതോടെയാണ് തർക്കം ആരംഭിച്ചത്. ഇരുവിഭാഗം പ്രവർത്തകരും നേതാക്കൾക്കുമുന്നിൽ ഉന്തും തള്ളുമായി. തുടർന്ന് വഹാബ് പക്ഷത്തെ കാസിം ഇരിക്കൂർ വിഭാഗം ബലം പ്രയോഗിച്ച് യോഗ സ്ഥലത്തു നിന്നും നീക്കി. പാർട്ടി ഒന്നിച്ച് മുന്നോട്ട് പോകുന്നതിനെ എതിർക്കുന്നവരാണ് പ്രശനത്തിന് പിന്നിലെന്ന് വഹാബ് പക്ഷം ആരോപിച്ചു. എന്നാൽ പാർട്ടിയുമായി ബന്ധമില്ലാത്തവരാണ് പ്രശ്നമുണ്ടാക്കിയതെന്നായിരുന്നു എതിർവിഭാഗത്തിന്‍റെ നിലപാട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News