ഭക്ഷ്യയോഗ്യമല്ലാത്ത ഏലക്കയിട്ട അരവണ വിൽക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്
സുരക്ഷിതമായ ഏലക്ക കൊണ്ടുവരുന്നത് വരെ ഏലക്ക ഇല്ലാതെ അരവണ നിർമിക്കാനും കോടതി നിർദേശം നല്‍കി
Update: 2023-01-11 11:25 GMT
കൊച്ചി: ഭക്ഷ്യയോഗ്യമല്ലാത്ത ഏലക്ക ഉപയോഗിച്ച അരവണ വിൽക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. സുരക്ഷിതമായ ഏലക്ക കൊണ്ടുവരുന്നത് വരെ ഏലക്ക ഇല്ലാതെ അരവണ നിർമിക്കാനും കോടതി നിർദേശം നല്‍കി. ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നല്‍കി.
ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേർന്ന അരവണ ഉപയോഗിക്കുന്നില്ലെന്ന് സന്നിധാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഉറപ്പ് വരുത്തണം. ഗുണനിലവാരമില്ലാത്ത ഏലയ്ക്ക ചേർത്ത അരവണയുടെ സാമ്പിൾ പരിശോധിക്കാനും കോടതി ഉത്തരവിട്ടു. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ അല്ലാതെയോ ദേവസ്വം ബോർഡിന് അരവണ നിർമ്മിക്കാം. ഇക്കാര്യത്തിൽ സ്പൈസസ് ബോർഡുമായി കൂടിയാലോചന നടത്താമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ച്ചയ്ക്ക് ശേഷം വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.