കൊല്ലത്ത് സൈനികനെയും സഹോദരനെയും മർദിച്ച സംഭവം: സിഐയെ സ്ഥലം മാറ്റി
എസ്‌ഐ ഉൾപ്പടെ മൂന്ന് പേരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്
കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് ക്രൂരമായി മർദിച്ച സംഭവത്തിൽ കിളികൊല്ലൂർ സിഐയെ സ്ഥലം മാറ്റി. എസ്‌ഐ ഉൾപ്പടെ മൂന്ന് പേരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനാണ് എസ്എച്ച്ഒയ്ക്ക് നിർദേശം.
സംഭവത്തിൽ കൊല്ലം കമ്മിഷണറോട് ദക്ഷിണ മേഖലാ ഐജി നേരത്തേ വിശദീകരണം തേടിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റ നടപടി.
എസ്എച്ച്ഒയെ ക്രമസമാധാന ചുമതലയിൽ മാറ്റണമെന്ന് കമ്മിഷണർ തയ്യാറാക്കിയ റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഇതിനെത്തുടർന്ന് ഇദ്ദേഹത്തോട് തല്ക്കാലം സ്‌റ്റേഷൻ ചുമതലകളിൽ നിന്ന് മാറി നിൽക്കാൻ ദക്ഷിണ മേഖല ഐജി പി പ്രകാശ് നിർദേശിച്ചു.എസ്എച്ച്ഒ വിനോദ്,എസ്‌ഐ അനീഷ്,എഎസ്‌ഐ പ്രകാശ് ചന്ദ്രൻ,സിപിഒ മണികണ്ഠൻ എന്നിവർക്കെതിരെയാണ് നടപടി.