വൈദേകം റിസോർട്ടിൽ കേന്ദ്ര ജി.എസ്.ടി വകുപ്പിന്‍റെ പരിശോധന
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയർപേഴ്സണും മകൻ ഡയറക്ടറും ആയ റിസോര്‍ട്ടിന്‍റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
വൈദേകം റിസോർട്ടിൽ കേന്ദ്ര ജി.എസ്.ടി വകുപ്പിന്‍റെ പരിശോധന. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയർപേഴ്സണും മകൻ ഡയറക്ടറും ആയ റിസോര്‍ട്ടിന്‍റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. റിസോര്‍ട്ട് നടത്തിപ്പിനെതിരെ മറ്റൊരു സി.പി.എം നേതാവായ പി ജയരാജന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. കള്ളപ്പണ ഇടപാടും തുടര്‍ന്നുണ്ടായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വൈദേകം റിസോര്‍ട്ടിനെതിരെ ഇ.ഡി കേസെടുത്തിരുന്നു. ആദായനികുതി വകുപ്പിന്‍റെ കൊച്ചി യുണിറ്റാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
വൈദേകം റിസോര്‍ട്ടിനെച്ചൊല്ലി സി.പി.എം സംസ്ഥാന സമിതിയിലിടക്കം നേരത്തെ തര്‍ക്കങ്ങള്‍ അരങ്ങേറിയിരുന്നു. റിസോർട്ട് വിവാദത്തില്‍ സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി. ജയരാജനും സംസ്ഥാന കമ്മിറ്റിയില്‍ പരസ്പരം ഏറ്റുമുട്ടിയത് അന്ന് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യക്ക് ശ്രമം നടന്നെന്നുമാണ് അന്ന് ഇ.പി ജയരാജൻ ആരോപിച്ചത്. എന്നാല്‍ സാമ്പത്തിക ആരോപണം നടത്തിയില്ലെന്നും മറ്റൊരാള്‍ എഴുതിത്തന്നത് പാർട്ടിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പി ജയരാജന്‍റെ മറുപടി.
ഇ.പി ജയരാജന്‍റെ മകന്റെ ഉടമസ്ഥതയിലുള്ള കണ്ണൂർ വൈദേകം ആയുർവേദ റിസോർട്ട് നിർമാണത്തിൽ അഴിമതി നടന്നുവെന്നാണ് പി.ജയരാജൻറെ പ്രധാന ആരോപണം. എന്നാൽ വൈദേകം റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നും ഭാര്യക്കും മകനുമാണ് നിക്ഷേപമുള്ളതെന്നുമായിരുന്നു ഇ.പി ജയരാജന്റെ വിശദീകരണം. ഭാര്യക്ക് റിട്ടയർമെന്റായി കിട്ടിയ തുകയാണതെന്നും ഇത് അനധികൃതമല്ലെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് ഇ.പി വിശദീകരണം നൽകിയിരുന്നു.