സതീശന്‍ പരസ്യമായി തിരുത്തണം; ഐ.എന്‍.ടി.യു.സി നേതാക്കള്‍ ഇന്നു മാധ്യമങ്ങളെ കാണും
കൂടുതൽ പ്രതികരണങ്ങളിലേക്ക് കടക്കാതെ വിവാദത്തിൽ നിന്ന് വഴിമാറി നടക്കുകയാണ് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഐ.എൻ.ടി.യു.സി വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുമ്പോഴും നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഐ.എൻ.ടി.യു.സി. പണിമുടക്കിനെയും ഐ.എൻ.ടി.യു.സിയെയും തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് തിരുത്തിപ്പറയാൻ തയ്യാറാകണമെന്നാണ് ആവശ്യം. ഐ.എന്‍.ടി.യു.സി സംസ്ഥാന നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും.
കൂടുതൽ പ്രതികരണങ്ങളിലേക്ക് കടക്കാതെ വിവാദത്തിൽ നിന്ന് വഴിമാറി നടക്കുകയാണ് പ്രതിപക്ഷ നേതാവ് . എന്നാൽ ഇതുകൊണ്ട് മാത്രം ഐ.എൻ.ടി.യു.സി നേതാക്കളുടെ അമർഷം തീരുന്നില്ല. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ലെന്നു സതീശന്‍ പറഞ്ഞത് പ്രവര്‍ത്തകരുടെ മനസില്‍ മുറിവുണ്ടാക്കിയെന്നാണ് ഇവരുടെ വാദം. അതിനാൽ പ്രതിപക്ഷ നേതാവ് പരസ്യമായി തിരുത്താൻ തയ്യാറാകണമെന്ന ആവശ്യത്തിലും ഐ.എൻ.ടി.യു.സി ഉറച്ചു നിൽക്കുന്നു.ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്ന നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടേക്കും.
ചങ്ങനാശേരിയിലും കഴക്കൂട്ടത്തും പ്രതിപക്ഷ നേതാവിന് എതിരെ പ്രകടനം നടത്തിയവർക്കെതിരെയും നടപടി എടുക്കാനും തയ്യാറല്ല ഐ.എൻ.ടി.യു.സി നേതൃത്വം. ഐ.എൻ.ടി.യു.സി കടുത്ത നിലപാടിൽ തുടരുമ്പോഴും പരസ്യ പ്രതിഷേധം നടത്തിവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വി.ഡി.സതീശനെ പിന്തുണയ്ക്കുന്നവരും.