'യൂത്ത് കോൺഗ്രസ് പിൻമാറിയതിൽ അന്വേഷണം വേണം'; എം.കെ രാഘവൻ എംപിയെ പിന്തുണച്ച് തരൂർ
'പരിപാടി മുടക്കാൻ ആര് ശ്രമിച്ചാലും കണ്ടെത്തണം'
കോഴിക്കോട്: താൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതില്‍ അന്വേഷണം വേണമെന്ന് ശശി തരൂർ. ഇത്തരം പരിപാടി മുടക്കാൻ ആര് ശ്രമിച്ചാലും കണ്ടെത്തണം. എംകെ രാഘവന്റെ ആവശ്യത്തോട് പൂർണമായി യോജിക്കുന്നു. സ്ഥലം എംപി എന്ന നിലയിൽ എം.കെ രാഘവന് അന്വേഷണത്തിന് ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും തരൂർ പറഞ്ഞു.
അതേസമയം തരൂരിന്റെ പരിപാടി സംഘടിപ്പിക്കുന്നതിൽ നിന്ന് യൂത്ത് കോൺഗ്രസിനെ മാറ്റിയതിൽ കെ.പി.സി.സി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് എംകെ രാഘവൻ എംപി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷനും സോണിയക്കും രാഹുലിനും കെ.പി.സി.സി അധ്യക്ഷനും പരാതി നൽകും, പാർട്ടിയെ ശക്തിപ്പെടുത്താൻ വന്ന നേതാവിനെ വിലക്കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും എം.കെ രാഘവൻ കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് പിന്മാറിയതിനെ തുടർന്ന് ജവഹർ യൂത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു തരൂർ. 'സംഘ പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന തലക്കെട്ടിലുള്ള സെമിനാറിന്റെ നടത്തിപ്പിൽ നിന്നാണ് യൂത്ത് കോൺഗ്രസ് പിന്മാറിയത്.
കോണ്ഗ്രസിന്റെയോ പോഷക സംഘടനകളുടെയോ പരിപാടികളൊന്നുമില്ലെങ്കിലും ശശി തരൂർ ഇനിയുള്ള നാലു ദിവസം മലബാറിലെ ജില്ലകളിൽ സജീവമായിരിക്കും. രാവിലെ എം.ടി വാസുദേവൻ നായരെ സന്ദർശിച്ച തരൂർ ഇന്ത്യന് ലോയേഴ്‌സ് കോണ്ഗ്രസ് സെമിനാറിലും പങ്കെടുത്തു. 22ന് പാണക്കാട് വെച്ച് ലീഗ് നേതാക്കളെ കാണും. തുടർന്ന് മലപ്പുറത്തെ പരിപാടികളില്‍ പങ്കെടുക്കും. 23 നാണ് കണ്ണൂരിലെ പരിപാടികള്‍.
എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതിന് പിന്നാലെ കേരളത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് തരൂരിൻറെ മലബാർ പര്യടനം. ഇതിനിടെ ശശി തരൂരിനെ വിലക്കിയെന്ന റിപ്പോർട്ട് നിഷേധിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തി. കേരളത്തില്‍ എവിടെയും തരൂരിന് രാഷ്ട്രീയപരിപാടി നല്കുന്നതില്‍ കെപിസിസി നേതൃത്വം പൂർണമനസോടെ തയാറാണെന്നും സുധാകരന് വിശദീകരിച്ചു.