കെ.പി.സി.സി ട്രഷറര്‍ പ്രതാപ ചന്ദ്രന്റെ മരണത്തില്‍ ആരോപണങ്ങൾ തള്ളി അന്വേഷണ കമ്മീഷൻ
കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനം മൂലമാണ് പ്രതാപിന്റെ മരണമെന്നാണ് മകൻ ഉന്നയിച്ചത്.
തിരുവനന്തപുരം: കെ.പി.സി.സി ട്രഷറര്‍ പ്രതാപ ചന്ദ്രന്റെ മരണത്തില്‍ ആരോപണങ്ങൾ തള്ളി കെ.പി.സി.സി അന്വേഷണ കമ്മീഷൻ. പ്രതാപ ചന്ദ്രന് ആരോപണ വിധേയരായ വ്യക്തികളിൽ നിന്ന് മാനസിക സമ്മർദ്ദം ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കെ ട്രഷറര്‍ യാതൊരു പരാതിയും പാർട്ടിയോട് പറഞ്ഞിട്ടില്ലെന്നും കമ്മീഷന്റെ റിപ്പോർട്ട്. കെ.പി.സി.സിയുടെ രണ്ടംഗ സംഘമാണ് അന്വേഷിച്ചത്.
പ്രതാപചന്ദ്രന്റെ മകൻ പറഞ്ഞ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനം മൂലമാണ് പ്രതാപിന്റെ മരണമെന്നാണ് മകൻ ഉന്നയിച്ചത്. ആരോപണ വിധേയരായ പ്രമോദ്, രമേശന്‍ എന്നിവർക്ക് ഇതിൽ പങ്കില്ലെന്നും, ട്രഷറർക്ക് ഇവരുമായി യാതൊരു വിധ സാമ്പത്തികബന്ധവും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മകന് ഈ വ്യക്തികളെക്കുറിച്ച് യാതൊരു മുന്നറിവും ഇല്ല. ജീവിച്ചിരിക്കെ ട്രഷറര്‍ യാതൊരു പരാതിയും പാര്‍ട്ടിയോട് ഇവരെക്കുറിച്ച് ഉന്നയിച്ചിട്ടില്ല. മറ്റു ചില വ്യക്തികളുടെ പ്രേരണയിലാണ് മകന്‍ പരാതി നല്‍കിയത്. അവര്‍ക്ക് സംഭവിച്ച മാനഹാനി പ്രസ്തുത പരാതി ഉന്നയിച്ചവര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.