നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി
പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി ഈ മാസം 20 വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിട്ടുള്ളത്
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി. പൊലീസ് ആവശ്യം എറണാകുളം സി.ജെ.എം കോടതി അംഗീകരിച്ചു.
പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി ഈ മാസം 20 വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിട്ടുള്ളത്. പ്രത്യേക സംഘമായിരിക്കും പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണം നടത്തുക. ബാലചന്ദ്രകുമാറിന്‍റെ കൈവശമുള്ള പ്രാഥമിക തെളിവുകള്‍ വിചാരണ കോടതിക്ക് അന്വേഷണ സംഘം നിലവില്‍ കൈമാറി കഴിഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും കേസിലെ എട്ടാം പ്രതിയായ ദിലീപ്, സഹോദരന്‍ അനുപ്, സഹോദരി ഭര്‍ത്താവ് സുരജ്, ഒന്നാം പ്രതി പള്‍സര്‍ സുനി എന്നിവരെ ചോദ്യം ചെയ്യുക. ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നതിനായി കോടതിയുടെ അനുമതി തേടും. മറ്റുള്ളവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും.
അതേസമയം കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹരജിയിൽ പറയുന്നു. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആർ അടിസ്ഥാനമാക്കിയുള്ള നിർണായക തെളിവുകൾ അപ്രസക്തമായെന്നും ഹരജിയിൽ പറയുന്നുണ്ട്. ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളിൽ അതൃപ്തിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്.