ദിലീപിനെ ചോദ്യം ചെയ്യാന്‍ വിപുലമായ ചോദ്യാവലിയുമായി അന്വേഷണ സംഘം
ഡിജിറ്റല്‍ തെളിവുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യല്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ വിപുലമായ ചോദ്യാവലിയുമായി അന്വേഷണ സംഘം. ഡിജിറ്റല്‍ തെളിവുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യല്‍. കേസ് അന്വേഷണത്തിന്‍റെ രണ്ടാംഘട്ട ചോദ്യം ചെയ്യലാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്നത്.
വധ ഗൂഢാലോചനാ കേസ് അന്വേഷണം ഒരു ഭാഗത്ത് പുരോഗമിക്കവെയാണ് നടിയെ ആക്രമിച്ചെന്ന ആദ്യ കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുക. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച് തയ്യാറാക്കി വരികയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യല്‍. പൊലീസ് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൂടി ചോദ്യം ചെയ്യലിനായി ഉപയോഗിക്കും.
എസ്.പി സോജന്‍റെയും ഡി.വൈ.എസ്.പി ബൈജു പൗലോസിന്‍റെയും നേതൃത്വത്തിലുള്ള സംഘമാകും ദിലീപിനെ ചോദ്യം ചെയ്യുക. ദിലീപിന്‍റെ ഫോണില്‍ നിന്ന് ചില വിവരങ്ങള്‍ മായ്ച്ചതായും അത് ഫോറൻസിക് സംഘം കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് അവകാശപ്പെടുന്നുണ്ട്. ദിലീപിന് പുറമേ കൂടുതല്‍ ആളുകളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. നടിയെ ആക്രമിച്ചെന്ന കേസില്‍ നാല് വർഷത്തിന് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഏപ്രില്‍ 15 വരെയാണ് കോടതി തുടരന്വേഷണത്തിന് സമയം അനുവദിച്ചിരിക്കുന്നത്.