ദിലീപ് നീക്കം ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകളിൽ ഒന്ന് യു.എ.ഇ പൗരൻ ഖലാഫ് ബുഖാറിന്റേതെന്ന് അന്വേഷണ സംഘം

ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ഖലാഫ് ബുഖാതിറുമായുള്ള ദിലീപിന്റെ വാട്‌സ് ആപ്പ് ചാറ്റുകൾ നശിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം

Update: 2022-04-05 15:09 GMT
Editor : afsal137 | By : Web Desk
Advertising

വധഗൂഢാലോചന കേസിൽ ഫോണിൽ നിന്ന് ദിലീപ് നീക്കം ചെയ്ത വാട്‌സ് ആപ്പ് ചാറ്റുകളിൽ ഒന്ന് യുഎഇ പൗരൻ ഖലാഫ് ബുഖാതിറിന്റേതെന്ന് അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കി. 3 പ്രവാസി മലയാളികളുമായും ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജുമായുള്ള വാട്‌സ് ആപ്പ് ചാറ്റുകളും നശിപ്പിച്ചിട്ടുണ്ട്. വീണ്ടെടുക്കാനാകാത്ത വിധമാണ് ഇവ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി.

മൊബൈൽ ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് 12 പേരുടെ നമ്പരിലേക്കുള്ള വാട്‌സ് ആപ്പ് ചാറ്റുകൾ ദിലീപ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടിലുള്ളത്. ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ഖലാഫ് ബുഖാതിറുമായുള്ള ദിലീപിന്റെ വാട്‌സ് ആപ്പ് ചാറ്റുകൾ നശിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശൂർ സ്വദേശി നസീർ, ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് പാർട്ണർ എന്നിവരുമായുള്ള ചാറ്റുകളും നീക്കിയിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവും വധ ഗൂഢാലോചന കേസിലെ പ്രതിയുമായ സുരാജുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും ദിലീപ് നശിപ്പിച്ചു. വീണ്ടെടുക്കാനാകാത്ത വിധമാണ് ഈ ചാറ്റുകളെല്ലാം നശിപ്പിച്ചിരിക്കുന്നത്. ഇതിനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ഒരു വിദേശ പൗരൻ സഹായിച്ചതായി കേസിലെ സാക്ഷി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. അത് ഖലാഫാണോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കേസിലെ തെളിവാകുന്ന ഡാറ്റകളാണ് പ്രതികൾ ബോധപൂർവം നശിപ്പിച്ചതെന്ന് റിപ്പോർട്ടിലുണ്ട്. ദിലീപ്, അനൂപ്, സുരാജ്, ഹാക്കർ സായ് ശങ്കർ എന്നിവർക്കെതിരെ തെളിവ് നശിപ്പിച്ചതിനും കേസെടുത്തു. സായ് ശങ്കറിന്റെ സഹായത്തോടെ 12 നമ്പറിലേക്കുള്ള ചാറ്റുകൾ ജനുവരി 30ന് ദിലീപ് നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News