'കൊലപ്പെടുത്തിയ ശേഷവും സ്വർണക്കടത്ത് സംഘം പണം ആവശ്യപ്പെട്ടു'; വെളിപ്പെടുത്തലുമായി ഇർഷാദിന്റെ സഹോദരൻ

''ഇർഷാദിന്റെ കയ്യിലുള്ള സ്വർണ്ണം ആവശ്യപ്പെട്ട് ഒരു ദിവസം മുഴുവൻ എന്നെയും തടവിൽ വെച്ചു''

Update: 2022-08-08 04:06 GMT
Advertising

കോഴിക്കോട്: പന്തിരിക്കരയില്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘം കൊലപ്പെടുത്തിയ ശേഷവും  പണം ആവശ്യപ്പെട്ടെന്ന് ഇർഷാദിന്റെ സഹോദരന്‍ അര്‍ഷാദ്.  ഇർഷാദ് കൊലക്കേസിലെ മുഖ്യപ്രതി സ്വാലിഹിനെതിരെയാണ് പ്രധാനമായും ആരോപണമുന്നയിച്ചത്. സ്വാലിഹിന് ജൂലൈ മുപ്പതിന് പണം നൽകി. ഡിഎൻഎ പരിശോധനാഫലം വരുന്നതിന്റെ തലേദിവസവും കൂടുതൽ തുക ആവശ്യപ്പെട്ടു. ഈ സമയത്ത് ഇർഷാദ് കൊല്ലപ്പെട്ടുവെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു. ഇർഷാദിന്റെ കയ്യിലുള്ള സ്വർണ്ണം ആവശ്യപ്പെട്ട് ഒരു ദിവസം മുഴുവൻ തന്നെയും തടവിൽ വെച്ചെന്ന്  അര്‍ഷാദ് മീഡിയവണിനോട് വെളിപ്പെടുത്തി.

ജൂലൈ പത്തൊമ്പതിന് സ്വാലിഹ് കേരളത്തിൽ നിന്നും ഡൽഹിയിൽ പോയി. ഡൽഹി എയർപോർട്ട് വഴി യുഎഇയിലേക്ക് കടന്നിട്ടുണ്ടെന്നും അര്‍ഷാദ് പറയുന്നു. അത് ഇർഷാദിന്റെ മരണം ഉറപ്പിച്ചതിന് ശേഷമാണ് എന്നുള്ളത് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡിഎൻഎ പരിശോധന വരുന്നതിൻറെ തലേദിവസം പോലും പണം ആവശ്യപ്പെട്ടു. ആദ്യം കുറച്ച് തുകയാണ് ആവശ്യപ്പെട്ടത്. ആ തുക തങ്ങള്‍ നൽകി. അതിനുശേഷം ഇർഷാദിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം യാതൊരു മറുപടിയും ഉണ്ടായിട്ടില്ല. പിന്നീടാണ് ഡിഎൻഎ റിസൽട്ട് വരുന്നതിൻറെ തലേദിവസം പോലും വിളിച്ച് കൂടുതൽ പണം ആവശ്യപ്പെട്ടിരിക്കുന്നതെന്ന  ഇർഷാദിന്റെ സഹോദരൻ പറഞ്ഞു.

സ്വർണവുമായി ദുബായിൽ നിന്ന് ഇർഷാദ് എത്തുന്ന സമയത്ത് എയർപോർട്ടിൽ വച്ച് തന്നെ ഇർഷാദിന്റെ സുഹൃത്തുക്കളായ ഷമീറ്, ഇജാസ് എന്നിവർ ഇർഷാദിന്റെ കൈവശത്തുനിന്നും സ്വർണം വാങ്ങി പോവുകയാണുണ്ടായത്. പിന്നീട് ഇവരിൽ നിന്നും സ്വർണ്ണം തിരിച്ചു വാങ്ങിച്ചു കൊടുക്കാൻ വേണ്ടിയായിരുന്നു സ്വാലിഹ് നിരന്തരം വിളിച്ചതെന്നും കുടുംബം പറയുന്നു. അതിന്റെ ഭാഗമായാണ് തന്നെ ദുബായിൽ വെച്ച് തടവിൽ വച്ചത് എന്നും  അര്‍ഷാദ് പറയുന്നു. 

 അതേസമയം ഇർഷാദിനെ തട്ടിക്കൊണ്ടു പോയ സംഘം ഇടനിലക്കാരനെയും തടവിലാക്കിയതായാണ് സൂചന. സ്വാലിഹിന് കൊല്ലപ്പെട്ട ഇർഷാദിനെ പരിചയപ്പെടുത്തിയത് കണ്ണൂർ സ്വദേശി ജസീലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇർഷാദ് നാട്ടിലെത്തിയ ശേഷം സ്വർണ്ണം കൈമാറാതിരുന്നതോടെ സ്വാലിഹിന്റെ സംഘം ജസീലിനെ തടവിൽ വെയ്ക്കുകയായിരുന്നു. ജസീലിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. ജസീലിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പൊലീസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ കൊടുവള്ളി സ്വദേശി സ്വാലിഹ് ,ഷംനാദ് എന്നിവർ വിദേശത്തായതിനാൽ അവരെ നാട്ടിലെത്തിക്കുന്നതിനായി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് നടപടി തുടങ്ങി. പൊലീസിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും. ഇൻറർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് ശ്രമം .സ്വർണ്ണക്കടത്ത് സംഘാംഗങ്ങളായ താമരശ്ശേരി സ്വദേശി യുനൈസ്, വയനാട് സ്വദേശി ഷാനവാസ് എന്നിവരെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ അറസ്റ്റിലായ മുർഷിദിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ സമർപ്പിക്കും.

അതേസമയം ഇര്‍ഷാദിനെ തട്ടികൊണ്ടുപോയ കേസിലെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണ വിവരങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ കോടതി സര്‍ക്കാരിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇർഷാദിന്റെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ കൂടുതൽ വ്യക്തത തേടാനും അന്വേഷണ സംഘം ഫോറെൻസിക് സർജന്റെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇർഷാദിന്റേത് മുങ്ങി മരണമാണെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. 

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News