സി.പി.ഐയുടെ 'കോണ്‍ഗ്രസ് ലൈന്‍' ഷോക്കേറ്റ് സി.പി.എം; ഇടത് മുന്നണിയില്‍ തുറന്നപോര്

ബിനോയ് വിശ്വത്തിന്‍റെ കോണ്‍ഗ്രസ് അനുകൂല ലൈനിനെ പിന്തുണച്ച് സി.പി.ഐ മുഖപത്രം ജനയുഗം എഡിറ്റോറിയല്‍ എഴുതിയപ്പോള്‍ കോടിയേരി ദേശാഭിമാനിയിലൂടെ തിരിച്ചടിച്ചു. വാഗ്വാദവും പരസ്യപ്രതികരണവുമായി സിപിഎം-സിപിഐ നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ സംഭവം രാഷ്ട്രീയ കേരളത്തിലെ പ്രധാന ചര്‍ച്ചയാകുകയാണ്.

Update: 2022-01-04 08:53 GMT
Advertising

കോണ്‍ഗ്രസിന്‍റെ ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തിയെക്കുറിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പരസ്യമായി അഭിപ്രായപ്രകടനം നടത്തിയതിന് പിന്നാലെ  ഇടത് മുന്നണിയില്‍ ചേരിപ്പോര്. വാഗ്വാദവും പരസ്യപ്രതികരണവുമായി സിപിഎം-സിപിഐ നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ സംഭവം രാഷ്ട്രീയ കേരളത്തിലെ പ്രധാന ചര്‍ച്ചയാകുകയാണ്.

കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിലുളള ഇടതുപക്ഷത്തിന് കഴിയില്ലെന്നായിരുന്നു സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവന. ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവന അതിവേഗം കേരളത്തിന്‍റെ രാഷ്ട്രീയ ഭൂപടത്തില്‍ ചര്‍ച്ചയായതോടെ പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. പിന്നാലെ കോൺഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദൽ സാധ്യമാകില്ലെന്ന് തുറന്നടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി കൂടി എത്തിയതോടെ കളം മുറുകി.

ബിനോയ് വിശ്വത്തിന്‍റെ കോണ്‍ഗ്രസ് അനുകൂല ലൈനിനെ പിന്തുണച്ച് സി.പി.ഐ മുഖപത്രം ജനയുഗം എഡിറ്റോറിയല്‍ എഴുതിയപ്പോള്‍ കോടിയേരി ദേശാഭിമാനിയിലൂടെ തിരിച്ചടിച്ചു. സംഘപരിവാറിന്‍റെ വർഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീർക്കാൻ തയ്യാറാകാത്ത പാര്‍ട്ടിയാണ് കോൺഗ്രസ്‌ എന്നായിരുന്നു കോടിയേരി ദേശാഭിമാനിയില്‍ എഴുതിയത്.

'കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിലുളള ഇടതുപക്ഷത്തിന് കഴിയില്ല': ബിനോയ് വിശ്വം പറഞ്ഞത്...

കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിലുളള ഇടതുപക്ഷത്തിന് കഴിയില്ല. കോൺഗ്രസ് ഇല്ലാതായാൽ ആ ശൂന്യതയിൽ ആർ.എസ്.എസും ബിജെപിയും ഇടം പിടിക്കും. അതുകൊണ്ട് കോൺഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാർട്ടി തകർന്നുപോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയതിന്‍റെ കാതൽ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നു, നിലവിൽ കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായിട്ടുണ്ട്. എങ്കിലും കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്‍റേതായ പ്രസക്തി ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ട്. ഇടതുപക്ഷത്തിന് ഒറ്റക്ക് ബദൽ അസാധ്യമാണ്. 


അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പരാമർശം.

പിന്തുണച്ച് കാനം രാജേന്ദ്രന്‍

ബിജെപിക്ക് ബദൽ കോൺഗ്രസ് ആണെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി.

കോൺഗ്രസ് തകർന്നാൽ ഈ ശൂന്യത ഇല്ലാതാക്കാൻ ഇടതുപക്ഷത്തിനാകില്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശം ദുർവ്യാഖ്യാനം ചെയ്തതായും സി.പി.ഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. കോൺഗ്രസ് ദുർബലമാകുമ്പോൾ ആ സ്ഥാനത്തേക്ക് മറ്റ് പാർട്ടികൾ വരും. ആ സ്ഥാനത്തേക്ക് എല്ലാ സ്ഥലത്തും ഇടതുപക്ഷത്തിന് വരാനാവില്ല. അതാണ് സി.പി.ഐയുടെ നിലപാട്. സി.പി.എമ്മിന് വ്യത്യസ്ത സമീപനം കാണും. അത് കൊണ്ടല്ലേ ഞങ്ങൾ രണ്ട് പാർട്ടിയായി നിൽക്കുന്നത്. സി.പി.എമ്മിന്റെ നിലപാടാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തിൽ നിലപാട് ബാധകമല്ല എന്ന് ബിനോയ് വിശ്വം തന്നെ പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു. 

വിശ്വത്തെ തള്ളി കോടിയേരി

സംഘ്പരിവാറിനെ പ്രതിരോധിക്കാൻ കോൺഗ്രസിനാവില്ല, കോൺഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. കോൺഗ്രസിൻറെ വർഗീയ പ്രീണന നയം ബി.ജെ.പി ഉപയോഗപ്പെടുത്തുകയായിരുന്നു. സംഘ്പരിവാറിന് പ്രതിരോധം തീർക്കാനാവാത്തത്. കോൺഗ്രസിൻറെ തകർച്ചയെ സൂചിപ്പിക്കുന്നതാണ്... ബിനോയ് വിശ്വത്തിനെതിരെ തുറന്നടിച്ച് കോടിയേരി രംഗത്തെത്തി.

കോടിയേരി കുറ്റപ്പെടുത്തി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലായിരുന്നു കോടിയേരിയുടെ വിമർശനം. സി.പി.ഐ മുഖപത്രം ബിനോയ് വിശ്വത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് മറുപടിയായാണ് കോടിയേരി ദേശാഭിമാനിയില്‍ ലേഖനം എഴുതിയത്. 

മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി വെച്ച് കേരളത്തിൽ കോൺഗ്രസിനെ പിന്തുണക്കരുത്. കേരളത്തില്‍ വന്ന് കോണ്‍ഗ്രസിന് അനുകൂലമായ നിലപാടുകള്‍ പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് സഹായകരമല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ഘട്ടത്തില്‍ ഇത്തരം പ്രസംഗം കോണ്‍ഗ്രസിനെ സഹായിക്കുമെന്നും കോടിയേരി പറഞ്ഞു."സിപിഎമ്മിനെ സംബന്ധിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന കാര്യത്തില്‍ പൂര്‍ണ യോജിപ്പാണ്. അക്കാര്യത്തില്‍ ഇന്ത്യയിലിന്ന് പ്രാദേശിക കക്ഷികള്‍ പ്രധാനപ്പെട്ട ഘടകമാണ്. കോണ്‍ഗ്രസിനെ ബദലായിട്ട് കാണുന്നത് പ്രായോഗികമല്ല. 11 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഇതര സര്‍ക്കാരുണ്ട്. അതില്‍ മൂന്നിടത്ത് മാത്രമേ കോണ്‍ഗ്രസുള്ളൂ. ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം പ്രാദേശിക കക്ഷികളും കേരളത്തില്‍ ഇടതുപക്ഷവുമാണ് ഭരിക്കുന്നത്. പ്രാദേശിക കക്ഷികളെയെല്ലാം മാറ്റിനിര്‍ത്തി ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ല. ആ യാഥാര്‍ഥ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുള്ള ദേശീയ ബദലാണുണ്ടാവേണ്ടത്"- കോടിയേരി പറഞ്ഞു.

'ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാട്'; ഐക്യദാര്‍ഢ്യവുമായി സി.പി.ഐ മുഖപത്രം 

കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിയില്ലെന്ന ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെ പിന്തുണച്ച് സി.പി.ഐ മുഖപത്രം ജനയുഗത്തില്‍ എഡിറ്റോറിയല്‍ എഴുതി ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെന്നും പത്രം മുഖപ്രസംഗത്തിൽ പറഞ്ഞു.

ജനയുഗത്തില്‍ വന്ന എഡിറ്റോറിയലിന്‍റെ പൂര്‍ണരൂപം

ബിജെപിക്ക് എതിരായ ബദല്‍ രാഷ്ട്രീയ സംവിധാനത്തെപ്പറ്റി സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളടക്കം മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണം സൃഷ്ടിക്കുകയുണ്ടായി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് അനുസ്മരണത്തില്‍ അദ്ദേഹം കൊച്ചിയില്‍ നടത്തിയ പരാമര്‍ശം ഉയര്‍ത്തിയ പ്രതികരണം തികച്ചും സ്വാഭാവികവും ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കേണ്ടതുമാണ്. ഏറെയും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടങ്ങിയ സദസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് ഉയര്‍ത്തിയ വിമര്‍ശനാത്മക പരാമര്‍ശം ആ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തില്‍ അവലംബിക്കേണ്ട നിലപാട് സംബന്ധിച്ച സിപിഐയുടെ സുചിന്തിതമായ കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങളും നിയമവാഴ്ചയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി നിലകൊള്ളുന്ന, ഒരു രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. അത്തരം ഒരു ബദല്‍ സംവിധാനത്തിന്റെ സാമ്പത്തിക നയപരിപാടികളെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമല്ല കോണ്‍ഗ്രസിലെതന്നെ ഗണ്യമായ ഒരു വിഭാഗത്തിനും വ്യത്യസ്ത അഭിപ്രായവും വിമര്‍ശനവുമുണ്ട്. എന്നാല്‍ ഇന്ന് രാജ്യം നേരിടുന്ന മുഖ്യവെല്ലുവിളി മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടന എന്നിവയുടെയും ഭ­രണഘടനാ സ്ഥാപനങ്ങളുടെയും നിലനില്പും സംരക്ഷണവും തന്നെയാണ്. അവിടെയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ബിജെപിക്കെതിരായ രാഷ്ട്രീയ ബദലിലുള്ള പ്രസക്തി. ഇക്കാര്യത്തി­ല്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പൂര്‍ണ തോ­തിലുള്ള അഭിപ്രായ ഐക്യമോ സമന്വയമോ നിലവില്‍ ഇല്ല എന്നതുകൊണ്ട് അവ സംബന്ധിച്ച സംവാദത്തെ രാഷ്ട്രീയ പ്രക്രിയയായി മാത്രമെ കാണേണ്ടതുള്ളു. വ്യത്യസ്ഥ ചരിത്ര പാരമ്പര്യവും പ്രത്യയശാസ്ത്ര കാഴ്ചപ്പാടും നയസമീപനങ്ങളുമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പൊതുവേദി എന്ന ആശയം ഇന്ത്യയെപ്പോലെ വിപുലവും വെെവിധ്യവുമാര്‍ന്ന രാജ്യത്ത് ലളിതവും സുഗമവും ആയിരിക്കില്ല.
ബിജെപിയുടെ വലതുപക്ഷ ഫാസിസ്റ്റ് നിലപാടുകളെ നിശിതമായി എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളെയും അവരുടെ ശക്തിയും സ്വാധീനവും പ്രസക്തിയും ഒരു ദേശീയബദലിന് അവഗണിക്കാവുന്നതല്ല. രാജ്യത്തെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ അവഗണിച്ചുകൊണ്ട് ദേശീയതലത്തില്‍ അവയുടെ നേതൃത്വത്തില്‍ ഇന്നത്തെ നിലയില്‍ ഒരു രാഷ്ട്രീയ ബദല്‍ അസാധ്യമാവും. കക്ഷിരാഷ്ട്രീയത്തിനും ആശയ വെെജാത്യങ്ങള്‍ക്കും അതീതമായി രാജ്യത്ത് വളര്‍ന്നുവന്നിട്ടുള്ള വര്‍ഗ രാഷ്ട്രീയത്തിന്റെ അനുഭവപാഠങ്ങള്‍ അവഗണിച്ചുകൊണ്ടും ഒരു ദേശീയ രാഷ്ട്രീയ ബദലിനെപ്പറ്റി ചിന്തിക്കാനാവില്ല. ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയതും മോഡി ഭരണകൂടത്തിന്റെ അധികാര ധാര്‍ഷ്ട്യത്തെ മു‍ട്ടുകുത്തിച്ചതുമായ കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയണം. ആഗോളീകരണ, ഉദാരീകരണ, സ്വകാര്യവല്ക­രണ, സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഉയര്‍ത്തിക്കൊണ്ടുവന്ന ഐക്യവും സമരോത്സുകതയും ഒരു ദേശീയ രാഷ്ട്രീയ ബദലിന്റെ ആവിര്‍ഭാവത്തില്‍ നിര്‍ണായകമാണ്. രാജ്യം എത്തപ്പെട്ടിരിക്കുന്ന ആഴമേറിയ സാമ്പത്തിക പ്രതിസന്ധിയും തളര്‍ച്ചയും അതിന്റെ ഫലമായി കുതിച്ചുയരുന്ന തൊഴിലില്ലായ്മയും വിശാലമായ ഒരു ദേശീയ ബദലിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അവയെ എല്ലാം വര്‍ഗീയ ഫാസിസ്റ്റ് ആശയങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും പിന്‍ബലത്തില്‍ അതിജീവിക്കാമെന്ന കണക്കുകൂട്ടലാണ് ബിജെപി-സംഘപരിവാര്‍-തീവ്രഹിന്ദുത്വ ശക്തികളെ നയിക്കുന്നത്. അളവറ്റ കോര്‍പറേറ്റ് മൂലധന കരുത്തും വര്‍ഗീയ ഫാസിസ്റ്റ് ആശയങ്ങളും സമന്വയിക്കുന്ന മാരകമായ രാഷ്ട്രീയ മിശ്രിതത്തെയാണ് ജനാധിപത്യ ശക്തികള്‍ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. മതനിരപേക്ഷ ജനാധിപത്യവും വര്‍ഗീയ ഫാസിസവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും സംരക്ഷിച്ചു നിലനിര്‍ത്തുക എന്നതുതന്നെയാണ് രാഷ്ട്രം നേരിടുന്ന വെല്ലുവിളി. ഈ പോരാട്ടത്തില്‍ ജനാധിപത്യത്തിന്റെ വിജയം ഇന്ത്യന്‍ രാഷ്ട്രത്തിന്റെ നിലനില്പിന് അനുപേക്ഷണീയമാണ്.


'സംഘപരിവാറിന്‍റെ വർഗീയ രാഷ്ട്രീയത്തിനെ പ്രതിരോധിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്'; തിരിച്ചടിച്ച് ദേശാഭിമാനി

ജനയുഗത്തില്‍ ബിനോയ് വിശ്വത്തെ പിന്തുണച്ച് എഡിറ്റോറിയല്‍ എഴുതിയതിന് പകരമായി ദേശാഭിമാനിയില്‍ കോടിയേരിയും തുറന്നടിച്ചു
ബിജെപി അധികാരത്തിലെത്താൻ ഇടയാക്കിയത് കോൺഗ്രസിന്റെ നയങ്ങളായിരുന്നു. രാജ്യത്ത് കോൺഗ്രസ്‌ നടപ്പാക്കിയ തെറ്റായ നയങ്ങൾ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഈ സാമ്പത്തിക പ്രതിസന്ധിയും വികസന പ്രതിസന്ധിയും മറികടക്കുന്നതിനുവേണ്ടി കോർപറേറ്റുകൾക്ക് പരവതാനി ഒരുക്കുന്ന ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കാൻ കോൺഗ്രസ്‌ തയ്യാറായി. ഇത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ്‌ത്തി.

സംഘപരിവാറിന്‍റെ വർഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീർക്കാൻ കോൺഗ്രസ്‌ തയ്യാറാകാത്തത് ആ പാർടിയുടെ തകർച്ചയിലേക്കും നയിച്ചു. അധികാരം തേടിപ്പോകുന്ന നേതാക്കൾ ഒന്നിനുപിറകെ ഒന്നായി ബി.ജെ.പിയിൽ ചേക്കേറി. കോടിയേരി എഴുതി. കോൺഗ്രസിന്‍റെ ഈ സമീപനം മതനിരപേക്ഷ ചിന്താഗതിക്കാർക്ക് അംഗീകരിക്കാനായില്ല. അത്തരം ചിന്താഗതിക്കാർ കോൺഗ്രസ്‌ വിട്ട് അതത് സംസ്ഥാനത്തെ പ്രധാന പ്രാദേശിക കക്ഷികളിലേക്ക് ചേക്കേറി. സംസ്ഥാന തലത്തിൽ മതനിരപേക്ഷ ബദലുകളെ രൂപപ്പെടുത്തുകയെന്ന ആശയം സി.പി.ഐ.എം മുന്നോട്ടുവയ്ക്കുന്നത് ഈ രാഷ്ട്രീയ സാഹചര്യത്തെ കണക്കിലെടുത്തുകൊണ്ടാണ്. കോടിയേരി ദേശാഭിമാനിയില്‍ എഴുതി

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

Byline - ഷെഫി ഷാജഹാന്‍

contributor

Similar News