'പി.സി ജോർജിന്റെ ജിഹാദ് ജുഡീഷ്യറിക്കെതിരെയോ? അടിയന്തിരമായി നിയന്ത്രിക്കണം': എസ്‌കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി ഒപിഎം അഷ്‌റഫ്
''വർഗീയതയുണ്ടാക്കി മുസ്‌ലിം-ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ മത വൈരമുണ്ടാക്കാനുള്ള അപകടകരമായ നീക്കമാണ് ജോർജ് ഇപ്പോഴും നടത്തുന്നത്''


കോഴിക്കോട്: ബിജെപി നേതാവ് പി.സി ജോർജിൻ്റെ ജിഹാദ് ജുഡീഷ്യറിക്കെതിരെയാണോ എന്ന ചോദ്യവുമായി എസ്കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്റഫ്.
വർഗീയ വിഷം തുപ്പി ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന സംഘ്പരിവാർ മോഡലിന്റെ കേരളത്തിലെ യോഗ്യനായ ബ്രാൻഡ് അംബാസിഡറാണ് താനെന്ന് ആവർത്തിച്ചു തെളിയിക്കുകയാണ് പി.സി ജോർജെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അഷ്റഫ് വ്യക്തമാക്കുന്നു.
''എത്ര ശിക്ഷ കിട്ടിയാലും നന്നാകില്ലെന്ന് പ്രതിജ്ഞയെടുത്തത് പോലെ, നാവെടുത്താൽ നുണയും നെറികേടും മാത്രം വിളിച്ചു പറയുന്ന ജോർജ് പ്രബുദ്ധ കേരളീയ സമൂഹത്തിന് മാനക്കേടായി മാറുകയാണ്. ഇതര മത വിഭാഗങ്ങളെ യാതൊരു മാന്യതയും ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രകോപനം സൃഷ്ടിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ വിജയിക്കാതെ പോകുന്നത് ഈ നാട് നേടിയ രാഷ്ട്രീയ ബോധത്തിന്റെയും പക്വമായ മത നേതൃത്വത്തിന്റെയും ജാഗ്രത കൊണ്ടാണ്''- അദ്ദേഹം പറഞ്ഞു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജോർജിൻ്റെ ജിഹാദ് ജുഡീഷ്യറിക്കെതിരെ ?!
വർഗീയ വിഷം തുപ്പി ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന സംഘപരിവാർ മോഡലിന്റെ കേരളത്തിലെ യോഗ്യനായ ബ്രാൻഡ് അംബാസിഡറാണ് താനെന്ന് ആവർത്തിച്ചു തെളിയിക്കുകയാണ് പി.സി ജോർജ്ജ്. എത്ര ശിക്ഷ കിട്ടിയാലും നന്നാകില്ലെന്ന് പ്രതിജ്ഞയെടുത്തത് പോലെ.
നാവെടുത്താൽ നുണയും നെറികേടും മാത്രം വിളിച്ചു പറയുന്ന ജോർജ് പ്രബുദ്ധ കേരളീയ സമൂഹത്തിന് മാനക്കേടായി മാറുകയാണ്. ഇതര മത വിഭാഗങ്ങളെ യാതൊരു മാന്യതയും ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രകോപനം സൃഷ്ടിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ വിജയിക്കാതെ പോകുന്നത് ഈ നാട് നേടിയ രാഷ്ട്രീയ ബോധത്തിന്റെയും പക്വമായ മത നേതൃത്വത്തിന്റെയും ജാഗ്രത കൊണ്ടാണ്.
എന്നാൽ മറുവശത്ത് നിയമസംവിധാനങ്ങൾ ഇത്തരം ചെയ്തികളെ കണ്ടില്ലെന്ന് നടിക്കുകയോ കയ്യുംകെട്ടി നോക്കി നിൽക്കുകയോ ചെയ്യരുത് എന്ന് പറയാതെ വയ്യ. നിയമത്തെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന ധിക്കാരപരമായ സമീപനങ്ങളാണ് ജോർജിൻറെ ഓരോ വാക്കും പ്രവർത്തിയും . നിയന്ത്രിക്കേണ്ടവർ അടിയന്തരമായി ഇത് നിയന്ത്രിക്കുക തന്നെ വേണം.
മീനച്ചിൽ താലൂക്കിൽ 400 ഓളം വരുന്ന പെൺകുട്ടികളാണ് ലൗ ജിഹാദിന് ഇരയായിരിക്കുന്നതെന്ന പി.സി ജോർജിന്റെ പുതിയ പ്രസംഗം ഉത്തരവാദപ്പെട്ടവർ അതീവ ഗൗരവത്തിൽ കാണണം. ലൗ ജിഹാദിന്റെ പേരിൽ കേരളത്തിലെ ഒരു സ്റ്റേഷനിലും ഒരു കേസും രജിസ്റ്റർ ചെയ്യപ്പെട്ടില്ലെന്ന് മാത്രമല്ല, സംഘ് പരിവാറിന്റെ ആരോപണത്തെ ഭരണകൂടവും നീതിപീഠവും അന്വേഷിച്ച് തള്ളിയതുമാണ്.
വർഗ്ഗീയതയുണ്ടാക്കി മുസ്ലിം-ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ മത വൈരമുണ്ടാക്കാനുള്ള അപകടകരമായ നീക്കമാണ് ജോർജ് ഇപ്പോഴും നടത്തുന്നത്. വിദ്വേഷ പ്രഭാഷണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ജാമ്യത്തിലിറങ്ങി വീണ്ടും വിദ്വേഷ പ്രഭാഷണം നടത്തുന്നത് ജുഡീഷറിയോട് കാണിക്കുന്ന കടുത്ത അനാദരവാണ്.