ഒറ്റപ്പെട്ട കാര്യങ്ങൾ മറ്റെല്ലാ സ്ഥലത്തുനിന്നും വിഭിന്നമായി നമ്മുടെ നാട്ടിൽ പർവതീകരിക്കുകയാണ്: വ്യവസായ മന്ത്രി
കഴിഞ്ഞ ദിവസമാണ് മാതമംഗലത്ത് പ്രവർത്തിച്ചിരുന്ന എസ്.ആർ.അസോസിയേറ്റ് എന്ന സ്ഥാപനം സിഐടിയു ഭീഷണിയെ തുടർന്ന് കടയുടമ അടച്ചുപൂട്ടിയത്
കണ്ണൂർ മാതമംഗലത്ത് സിഐടിയു ഭീഷണിയി തുടർന്ന് കട അടച്ചു പൂട്ടിയ സംഭവത്തിൽ വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ്. നല്ല രീതിയിലുള്ള സാഹചര്യമാണ് കേരളത്തിൽ സംജാതമായിട്ടുള്ളത്. നിയമാനുസൃതാമായി സംസ്ഥാനത്ത് വ്യവസായങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാക്കണമെന്ന് മന്ത്രി പറഞ്ഞു.
ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണിത്. നല്ല കാര്യങ്ങൾ പുറത്തേക്ക് വരുന്നില്ല. ഒറ്റപ്പെട്ട കാര്യങ്ങൾ മറ്റെല്ലാ സ്ഥലത്തുനിന്നും വിഭിന്നമായി നമ്മുടെ നാട്ടിൽ പർവതീകരിക്കുകയാണ്. മാറിയ കാലത്തിനനുസരിച്ച് എല്ലാവരും ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഭവത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് എ. വിജയരാഘവനും രംഗത്ത് വന്നിരുന്നു. മാതമംഗലത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റേത് വ്യവസായ സൗഹൃദ സമീപനമാണെന്നും അതിന് തകരാർ വന്നിട്ടില്ലെന്നും തെറ്റുകണ്ടാൽ തള്ളി പറയുന്നതാണ് സിപിഎം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് മാതമംഗലത്ത് പ്രവർത്തിച്ചിരുന്ന എസ്.ആർ.അസോസിയേറ്റ് എന്ന സ്ഥാപനം സിഐടിയു ഭീഷണിയെ തുടർന്ന് കടയുടമ അടച്ചുപൂട്ടിയത്. റബീഹ് മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥയിലിലുള്ള കടയാണ് അടച്ചു പൂട്ടിയത്. കടയിൽ സാധനം വാങ്ങാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ അക്രമിച്ച സംഭവത്തിനു പിന്നാലെ തനിക്കും നിരന്തരം ഭീഷണിയുണ്ടായെന്നാണ് കടയുടമ വ്യക്തമാക്കിയത്.
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയവരെ ട്രേഡ് യൂണിയൻ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തുവെന്ന് കടയുടമ ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസമായി തനിക്കെതിരെ സിഐടിയു പ്രവർത്തകർ സമരം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം തൊഴിലാളികളെ കൊണ്ട് കടയിൽ സാധനങ്ങൾ കയറ്റാനും ഇറക്കാനും ഹൈക്കോടതിയിൽ നിന്നും അനുമതി തേടിയിരുന്നു. ഇതിനു ശേഷം കടയുടെ മുന്നിൽ താത്കാലിക ഷെഡ് കെട്ടിയ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതിനാൽ ആരും കടയിലേക്ക് വരുന്നില്ലെന്നും അതിനാൽ കട അടച്ചിടുകയല്ലാതെ വേറെ മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.