ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിക്ക് പിന്നില്‍ വൻസംഘം; കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി
കോപ്പിയടി നടന്ന ഐ.എസ്.ആർ.ഒ പരീക്ഷ റദ്ദാക്കണമെന്നു പൊലീസ് ആവശ്യപ്പെടും.
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ വൻസംഘമെന്ന് പോലിസ്. കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പിൽ പങ്കാളികളായെന്ന് വിവരം. കോപ്പിയടി നടന്ന ഐ.എസ്.ആർ.ഒ പരീക്ഷ റദ്ദാക്കണമെന്നു പൊലീസ് ആവശ്യപ്പെടും. ഹരിയാനക്കാരായ 469 പേർ പരീക്ഷയിൽ പങ്കെടുത്തു. തട്ടിപ്പിനു പിടിയിലായതും ഹരിയാന സ്വദേശികളാണ്. ഒരേ സ്ഥലത്ത് നിന്നു ഇത്രയുമധികം പേർ പരീക്ഷയെഴുതിയതിനാൽ തട്ടിപ്പ് വ്യാപകമെന്നാണ് സംശയം. പിടിയിലായവർ കൂലിക്ക് പരീക്ഷ എഴുതാനെത്തിയവരാണെന്നും പൊലീസ് നിഗമനം. ഹരിയാന പൊലീസുമായി സഹകരിച്ചാണ് ഇപ്പോൾ കേസ് മുന്നോട്ട് പോകുന്നത്.
പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനു രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു. ഹരിയാന സ്വദേശികളായ സുനിൽ, സുമിത് കുമാർ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോട്ടണ്‍ ഹിൽ സ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം. ഫോൺ ഉപയോഗിച്ചാണ് ഇരുവരും കോപ്പിയടിച്ചതെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോണ്‍ ഇൻസുലേഷൻ ടാപ്പുകൊണ്ട് വയറിൽ ഒട്ടിച്ചുവെച്ചാണ് സുനിൽ പരീക്ഷാ ഹാളിലെത്തിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കോപ്പിയടിച്ചതായി കണ്ടെത്തിയത്. ഇതിനു പിന്നാലെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.