ഐ.എസ്.ആർ.ഒയുടെ വാഹനം തടഞ്ഞ സംഭവം; 50 പേർക്കെതിരെ പൊലീസ് കേസ്
അന്യായമായി സംഘംചേരൽ, മാർഗതടസം സൃഷ്ടിക്കൽ, ഔദ്യോഗിക വാഹനം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
ഐ.എസ്.ആർ.ഒയുടെ വാഹനം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അൻപത് പേർക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. അന്യായമായി സംഘംചേരൽ, മാർഗതടസം സൃഷ്ടിക്കൽ, ഔദ്യോഗിക വാഹനം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ചയാണ് നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒയുടെ കൂറ്റന്‍ ചരക്ക് വാഹനം തിരുവനന്തപുരത്ത് നാട്ടുകാര്‍ തടഞ്ഞുവെന്ന് പരാതി ഉയർന്നത്. പത്ത് ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടെന്ന് വി.എസ്.എസ്.സി അധികൃതര്‍ പറഞ്ഞു. ഐ.എസ്.ആര്‍ഒ.യുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായി മുംബൈയില്‍ നിന്നും എത്തിച്ച കൂറ്റന്‍ ചരക്ക് വാഹനമാണ് വേളി പാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞത്. ആകെ 184 ടണ്‍ ചരക്കാണ് വാഹനത്തിലുള്ളത്. ഒരു ടണ്ണിന് 2000 രൂപ നിരക്കില്‍ നോക്കുകൂലി നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതായി വി.എസ്.എസ്.സി അധികൃതര്‍ പറഞ്ഞു.
വി.എസ്.എസ്.സിക്കായി സ്ഥലമേറ്റെടുപ്പ് നടത്തിയപ്പോള്‍ നല്‍കിയ തൊഴിൽ വാഗ്ദാനം ഇതുവരെ പാലിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. പ്രശ്നം പരിഹരിക്കാന്‍ നാട്ടുകാരും ഇടവക വികാരിയും പൊലീസും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പരിഹാരമായില്ല. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കിയാണ് വാഹനം വി.എസ്.എസ്.സിയിലേക്ക് കടത്തിവിട്ടത്.