''താമസം തുടങ്ങിയ അന്ന് മുതല്‍ പൊട്ടിയൊലിക്കാന്‍ തുടങ്ങിയതാ...''; സുനാമി ദുരിത ബാധിതർക്ക് നൽകിയ വീടുകൾ തകർന്നിട്ട് വർഷങ്ങൾ
ജീവൻ പണയം വെച്ചാണ് ഓരോരുത്തരും വീടുകളില്‍ കഴിയുന്നത്
ആലപ്പുഴ: സുനാമി തിരകൾ കവർന്ന വീടുകൾക്ക് പകരം നൽകിയ വീടുകളിലധികവും തകർന്നിട്ട് വർഷങ്ങളായി. ടൗൺഷിപ്പുകൾ എന്ന വാഗ്ദാനം നൽകി കെട്ടിപ്പടുത്ത വീടുകളിൽ താമസിക്കാൻ കഴിയാത്ത ദുരിതാവസ്ഥയിലാണ് സുനാമി ബാധിതർ. ദുരന്തം നടന്ന് രണ്ട് പതിറ്റാണ്ട് കഴിയുമ്പോൾ യോഗ്യമായ താമസ സ്ഥലം പോലും തിരികെ ലഭിക്കാതെ നൂറ് കണക്കിന് കുടുംബങ്ങളാണ് കുടുങ്ങി കഴിയുന്നത്.
ആറാട്ടുപുഴ അഞ്ചാം വാർഡിൽ മണിമേലിക്കടവിൽ 65 വീടുകളാണ് നിർമിച്ച് നൽകിയത്. കടലോരത്ത് നിന്ന് മാറി കായംകുളത്തിനടുത്ത് സ്ഥലം കണ്ടെത്തി നല്‍കിയ വീടുകള്‍ പലതും വിണ്ടു കീറി. കോണ്‍ഗ്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്നുവീണു.. ജീവൻ പണയം വെച്ചാണ് ഓരോരുത്തരും കഴിയുന്നത്. താമസിക്കാൻ തുടങ്ങിയ സമയത്തുമുതൽ തന്നെ വീട് പൊട്ടിയൊലിക്കാൻ തുടങ്ങിയെന്ന് താമസക്കാർ പറയുന്നു. മുകളിൽ നിന്ന് വെള്ളം ഒലിക്കുന്ന വീടാണ് താമസിക്കാൻ തന്നെ..വേറെ വഴിയില്ലാഞ്ഞിട്ടാണ് ഇവിടെ താമസിച്ചതെന്നും ഇവര്‍ പറയുന്നു
ഒരു വീട് വെക്കുന്നതിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളൊന്നും ചെയ്യാതെ സ്ഥലം കണ്ടെത്തി വീടു വെച്ചുനൽകാൻ സ്വകാര്യ ഏജൻസിക്ക് നൽകുകയായിരുന്നു. അവരാകട്ടെ എല്ലാ വീടുകൾക്കും ഓരേ ഡിസൈൻ നൽകി തീരപ്രദേശത്ത് കെട്ടിടം നിർമിക്കുമ്പോൾ പാലിക്കേണ്ടതൊന്നും പാലിക്കാതെ കെട്ടിടമുയർത്തി. തകർച്ചയുടെ വക്കിലായപ്പോഴൊക്കെ പലരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജീവിക്കാനാകാതെ പലരും വീട് ഉപേക്ഷിച്ചു പോകുന്ന അവസ്ഥവരെയുണ്ടായി.കടലും തിരമാലകളുമില്ലാത്ത സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചപ്പോൾ ഒരുപാട് പ്രതീക്ഷകളായിരുന്നു ദുരിതബാധിതർക്കുണ്ടായിരുന്നത്. പക്ഷേ 19 വർഷം പിന്നിടുമ്പോഴും ദുരിതമൊഴിയാതെയാണ് ഇവിടുത്തെ താമസക്കാർ മുന്നോട്ട് പോകുന്നത്.