മുട്ടിൽ പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ സി.പി.എം ശ്രമമെന്ന് ആരോപണം; ശബ്ദരേഖ പുറത്ത് വിട്ട് കോൺഗ്രസ്
കോണ്‍ഗ്രസിന്റെ രണ്ടു വനിതാ അംഗങ്ങള്‍ക്ക് സി.പി.എം പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തതായാണ് ആരോപണം
വയനാട്: വയനാട്ടില്‍ യുഡിഎഫ് പ്രതിനിധികളെ ചാക്കിലാക്കി പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ സി.പി.എം ശ്രമമെന്ന് ആരോപണം. കൂറുമാറാൻ പണം വാഗ്ദാനം ചെയ്തതായി മുട്ടില്‍ പഞ്ചായത്തംഗം വിജയലക്ഷ്മിയാണ് ആരോപണമുന്നയിച്ചത്. സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്ന പി.വി.ബാലചന്ദ്രന്റെ ശബ്ദരേഖയും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തു വിട്ടു.
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതംഗ ഭരണ സമിതിയില്‍ യു.ഡി.എഫിന് പതിനൊന്നും എല്‍.ഡി.എഫിന് എട്ടും അംഗങ്ങളാണുള്ളത്. യുഡിഎഫിലെ മുന്‍ധാരണ പ്രകാരം കഴിഞ്ഞ ദിവസം പ്രസിഡണ്ട് സ്ഥാനം മുസ്‍ലിം ലീഗ് കോണ്‍ഗ്രസിന് കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രണ്ടു വനിതാ അംഗങ്ങളെ സ്വാധീനിക്കാന്‍ സി.പി.എം പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തതായാണ് ആരോപണം. സി.പി.എം പ്രവർത്തകനായ ബാലചന്ദ്രന്റേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും കോണ്‍ഗ്രസ് നേതാക്കൾ പുറത്തു വിട്ടു.
മുട്ടിലിനു പുറമെ മറ്റു പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും സി.പി.എം അട്ടിമറി ശ്രമം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച സി. പി.എം പ്രതിനിധി പി.വി.ബാലചന്ദ്രന്‍, ശബ്ദരേഖയിലെ കാര്യങ്ങൾ നിഷേധിക്കുന്നില്ലെന്നും തിങ്കളാഴ്ച വിശദമായി പ്രതികരിക്കാമെന്നും അറിയിച്ചു. മുൻ കോൺഗ്രസ് നേതാവായിരുന്ന പി.വി.ബാലചന്ദ്രന്‍ 2021 ലാണ് പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നത്