ആദിവാസി രോഗികള്‍ക്കുള്ള ധനസഹായം കോട്ടത്തറ ട്രൈബൽ ആശുപത്രി വകമാറ്റി ചെലവഴിച്ചെന്ന് ആരോപണം
ആശുപത്രി വിടുമ്പോള്‍ വൗച്ചർ ഒപ്പിട്ട് വാങ്ങുമെങ്കിലും പണം നൽകാറില്ലെന്ന് ആദിവാസികൾ പറയുന്നു
കിടത്തി ചികിത്സ നടത്തുന്ന ആദിവാസിക്കും കൂട്ടിരിപ്പുകാർക്കും നൽകേണ്ട ധനസഹായം അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ ആശുപത്രി വകമാറ്റി ചെലവഴിച്ചെന്ന് ആരോപണം. ആശുപത്രി വിടുമ്പോള്‍ വൗച്ചർ ഒപ്പിട്ട് വാങ്ങുമെങ്കിലും പണം നൽകാറില്ലെന്ന് ആദിവാസികൾ പറയുന്നു. മറ്റു പല സർക്കാർ ആശുപത്രികളിൽ നിന്നും പണം ലഭിക്കാറില്ലെന്നും ആക്ഷേപമുണ്ട്.
കിടത്തി ചികിത്സ നടത്തുന്ന ഓരോ ദിവസവും ആദിവാസിയായ രോഗിക്ക് 150 രൂപയും കൂട്ടിരിപ്പുകാർക്ക് 200 രൂപയുമാണ് സർക്കാർ നൽകുന്നത്. ഇതിനായുള്ള പട്ടിക വർഗ വകുപ്പിന്‍റെ ഫണ്ട് ഡി.എം.ഒ ആശുപത്രികള്‍ക്ക് കൈമാറും. ആശുപത്രിയാണ് ആദിവാസികൾക്ക് പണം നൽകേണ്ടത്. എന്നാൽ കോട്ടത്തറ ട്രൈബല്‍ ആശുപത്രിൽ പ്രവേശിച്ച ആദിവാസികള്‍ ഈ തുക ലഭിക്കുന്നില്ല. താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാനായി ആശുപത്രി ഈ ഫണ്ട് വകമാറ്റിയെന്നാണ് വിവരം. ആദിവാസികളുടെ പണം ഉദ്യോഗസ്ഥർ തട്ടിയെടുത്താണോ എന്ന സംശയവും ഉയരുന്നുണ്ട്.