'മറ്റൊരു പെണ്‍കുട്ടിക്കും ഈ ഗതി ഉണ്ടാകരുത്'; പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ കുടുംബം

ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണായകമാകുമെന്നും പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എ. അശോകൻ

Update: 2021-10-11 02:39 GMT
Advertising

കൊല്ലം ഉത്ര വധക്കേസില്‍ പ്രതി സൂരജിന് മാതൃകാ പരമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കുടുംബം. പൊലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്. അതിനാലാണ് അതിവേഗം കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതും തുടർന്ന് വിചാരണ പൂർത്തിയാക്കിയതും. മകളെ ചതിച്ചു കൊന്നതാണ്, സൂരജില്‍ നിന്നും ഇതു പ്രതീക്ഷിച്ചില്ല, ഭാവിയിൽ ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം മീഡിയവണിനോട് പ്രതികരിച്ചു. 

അതേസമയം, കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എ. അശോകൻ പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയിൽ കഴമ്പുണ്ടെന്ന് ആദ്യഘട്ടത്തിൽ മനസ്സിലായിരുന്നു. അന്വേഷണത്തില്‍ വെല്ലുവിളികൾ പലതായിരുന്നെങ്കിലും എല്ലാ തെളിവുകളും സമർപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എ. അശോകന്‍ കൂട്ടിച്ചേര്‍ത്തു. 

ഉത്ര മരിച്ച് ഒരു വർഷവും അഞ്ചുമാസവും നാലുദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷൻസ് കോടതിയുടെ വിധി. ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ വർഷം മേയ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയിൽ കണ്ടത്. റെക്കോർഡ് വേഗത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചതും വിചാരണ പൂർത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോർട്ടവും മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധനകളും നടത്തി. പൊലീസ് വിദ്യാർഥികൾക്കുള്ള സിലബസിൽ പോലും ഇടം പിടിച്ച അന്വേഷണമാണ് ഉത്ര കേസിന്‍റേത്.

കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് കേസിൽ വിധി പറയുക. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. മൂന്ന് തവണയാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ രണ്ട് തവണ ഉത്രക്ക് പാമ്പിന്റെ കടിയേറ്റു. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണു സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. സാക്ഷികൾ ഇല്ലാത്ത കേസിൽ സുരേഷ് മാപ്പു സാക്ഷിയാണ്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News