'നിയമനിലംഘനം ഉണ്ടായാൽ പൊലീസ് ഇടപെടുന്നത് സ്വാഭാവികം'; പൊലീസ് നടപടിയെ ന്യായീകരിച്ച് വെള്ളാപ്പള്ളി
രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടികൂടിയാണ് രാഷ്ട്രീയക്കാർ സമരവുമായി രംഗത്തിറങ്ങുന്നത്
കെ റെയിൽ സമരങ്ങൾക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് വെള്ളാപ്പള്ളി നടേശൻ. നിയമ ലംഘനം ഉണ്ടായാൽ പൊലീസ് ഇടപെടുന്നത് സ്വാഭാവികമാണ്. സാമുദായിക നേതാക്കൾ കൈകാര്യം ചെയ്യേണ്ട വിഷയമല്ലിത്. സമരത്തിന് പിന്നിൽ തീവ്രവാദികൾ ഉണ്ടാകാമെന്ന ആരോപണം ശരിയും തെറ്റും ആകാമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടി കൂടിയാണ് രാഷ്ട്രീയക്കാർ സമരവുമായി രംഗത്തിറങ്ങുന്നത്. രാഷ്ട്രീയക്കാർ വെറുതെ സമരത്തിലേക്ക് ചാടിയിറങ്ങില്ലല്ലോ. വിവാദങ്ങൾ രാഷ്ട്രീയ പാർട്ടിക്കാർ ചർച്ച ചെയ്ത് തീർക്കേണ്ടതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് നിർത്തിവെച്ച കെ റെയിൽ സർവേ നടപടികൾ വീണ്ടും തുടങ്ങി. ഇന്നലെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കെ റെയിൽ സർവേ താത്കാലികമായി നിർത്തിവച്ചിരുന്നു. സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിനെതിരായ പ്രതിഷേധം സംസ്ഥാനമാകെ ദിവസങ്ങളായി തുടരുകയാണ്. പലയിടത്തും കല്ല് സ്ഥാപിക്കുന്നു പ്രതിഷേധക്കാർ എടുത്തു കളയുന്നു എന്നതാണ് രീതി. ഇതിനിടയിലാണ് സംസ്ഥാനത്ത് ഒരിടത്തും ഇന്നലെ സർവേ നടക്കാതിരുന്നത്. സർവേ ഉള്ളതായി അറിയിച്ച ജില്ലകളിലെല്ലാം രാവിലെയോടെ തീരുമാനം മാറ്റുകയായിരുന്നു.