ജയ് ശ്രീറാം വിളിപ്പിക്കൽ; നുണ പരിശോധനയ്ക്ക് സന്നദ്ധനാണെന്ന് കസ്റ്റഡിയിലിരുന്ന യുവാവ്
മർദനത്തിനിടെയാണ് ജയ് ശ്രീരാമും വന്ദേമാതരവും ഉറക്കെ വിളിക്കാൻ നിർബന്ധിച്ചത്
ആലപ്പുഴ കൊലക്കേസിൽ കസ്റ്റഡിയിലിരിക്കെ തന്നെ മർദിച്ച് ജയ് ശ്രീരാം വിളിപ്പിച്ചതിന് ദൃക്‌സാക്ഷികളുണ്ടെന്നും തന്റെ വാദം തെളിയിക്കാൻ നുണ പരിശോധനയ്ക്ക് സന്നദ്ധനാണെന്നും പോലീസ് വിട്ടയച്ച യുവാവ്. ആലപ്പുഴ മണ്ണഞ്ചേരി മാച്ചനാട് ഫിറോസ് മുഹമ്മദാണ് പോലീസിനെതിരായ ആരോപണങ്ങൾ ആവർത്തിച്ചത്.
എസ് ഡി പി ഐ ഉൾപ്പടെ ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലാത്ത തന്നെ പ്രതികൾക്ക് സഹായം ചെയ്‌തെന്ന പേരിൽ അകാരണമായാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധമില്ലാതിരുന്നയാളെ എന്തിനാണ് ഒരാൾ ബലമായി പിടിച്ചു കൊണ്ടു പോയതെന്നും ഫിറോസ് ചോദിച്ചു. അയാൾ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് മനസ്സിലായതോടെ താൻ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ തന്റെ ഫോട്ടോയെടുത്ത പൊലീസുകാർ വീട്ടിലെത്തി ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. ജീപ്പിലും സ്റ്റേഷനിലെ ഇരുട്ടു മുറിയിലുമിട്ട് തന്നെ അതിക്രൂരമായി മർദിച്ചു അവശനാക്കി. കേട്ടാലറക്കുന്ന ഭാഷയിൽ തെറി വിളിച്ചാക്ഷേപിച്ചു. മർദനത്തിനിടെയാണ് ജയ് ശ്രീരാമും വന്ദേമാതരവും ഉറക്കെ വിളിക്കാൻ നിർബന്ധിച്ചത്. തൽസമയം സ്റ്റേഷനിലെത്തിയ സി.ഐ ക്ക് തന്നെ പരിചയമുണ്ടായതിനാൽ മാത്രമാണ് മർദനം നിർത്തിയത്.
ഫോട്ടോഗ്രാഫറായ താൻ കല്ല്യാണ വർക്കിന് പോയി വന്ന ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടക്കുന്ന മൂന്ന് ദിവസം മുമ്പാണ് ജോലിക്ക് പോയതും. തന്റെ പിതാവും സഹോദരനും സിപിഎം പ്രവർത്തകരാണ്. ഇതു പൊലീസ് കണക്കിലെടുത്തില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു. പൊലീസിന്റെ ക്രൂരകൃത്യത്തിനെതിരെ മുഖ്യമന്ത്രിക്കും കലക്ടർക്കും ഫിറോസ് പരാതി നൽകിയിട്ടുണ്ട്. അന്വോഷണത്തിൽ കാലതാമസമുണ്ടായാൽ കോടതിയെ സമീപിക്കുമെന്നും ഫിറോസ് അറിയിച്ചു.