കൂട്ടിക്കൽ ദുരന്തബാധിത പ്രദേശങ്ങൾ ജമാഅത്ത് നേതാക്കൾ സന്ദർശിച്ചു

എത്രയും പെട്ടെന്ന് നാശനഷ്ടങ്ങളുടെ കണക്കെടുത്ത് സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അസിസ്റ്റന്റ് അമീർ പി മുജീബുറഹ്‌മാൻ ആവശ്യപ്പെട്ടു

Update: 2021-10-17 16:25 GMT
Editor : Shaheer | By : Web Desk
Advertising

കോട്ടയത്തെ ദുരന്തബാധിത പ്രദേശങ്ങൾ ജമാഅത്തെ ഇസ്‍ലാമി നേതാക്കൾ സന്ദർശിച്ചു. കേരള അസിസ്റ്റന്റ് അമീർ പി മുജീബുറഹ്‌മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ടിക്കലിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലെത്തിയത്. സർക്കാർ അടിയന്തരമായി ദുരന്തത്തിലെ നഷ്ടങ്ങളുടെ കണക്കെടുക്കണമെന്ന് പി മുജീബുറഹ്‌മാൻ ആവശ്യപ്പെട്ടു. സർക്കാർ സഹായം വേഗത്തിലാക്കണം. ദുരിതബാധിതർക്ക് പീപ്പിൾസ് ഫൗണ്ടേഷന്റെ സഹായം ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ആയിരക്കണക്കിന് ആളുകളാണ് അഭയാർത്ഥി ക്യാംപുകളിലുള്ളത്. ഭക്ഷണം, വസ്ത്രം, മരുന്നുകൾ അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ സർക്കാർ ഇവിടങ്ങളിൽ എത്രയും പെട്ടെന്ന് എത്തിക്കണം. നിരവധി ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഭാഗികമായും പൂർണമായും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവരുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇവയുടെ കണക്കെടുത്ത് സർക്കാർ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തണം-പി മുജീബുറഹ്‌മാൻ ആവശ്യപ്പെട്ടു.

പുറമ്പോക്ക് ഭൂമിയിൽ താമസിച്ചിരുന്ന 53ഓളം കുടുംബങ്ങൾ അഭയാർത്ഥി ക്യാംപുകളിൽ കഴിയുന്നുണ്ട്. അവർ വർഷങ്ങളായി പുറമ്പോക്കുഭൂമിയിൽ വീട് കെട്ടി താമസിക്കുന്നവരാണ്. ഇപ്പോൾ പൂർണമായും വഴിയാധാരമായിരിക്കുകയാണവർ. അഭയാർത്ഥി ക്യാംപുകളിൽ കഴിയുന്ന ഈ 53 കുടുംബങ്ങൾക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തി പുനരധിവസിപ്പിക്കുക പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Full View

സർക്കാരിന്റെയും സമൂഹത്തിന്റെയും നയങ്ങളിൽ കാതലായ മാറ്റം ആവശ്യമുണ്ട്. 2013ൽ മാധവ് ഗാഡ്ഗിൽ കേരളീയ സമൂഹത്തിനും സർക്കാരിനും നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പശ്ചിമഘട്ടം തകരുകയാണ്. ആവാസവ്യവസ്ഥ തകർന്നുതരിപ്പണമായിക്കൊണ്ടിരിക്കുകയാണ്. കേരളം കടലിനോട് ചേർന്നുനിൽക്കുന്ന ഒരു നേർത്ത പ്രദേശമാണ്. ഈ ഭൂപ്രദേശത്തിന്റെയും പശ്ചിമഘട്ടത്തിന്റെയും തകർച്ച വീണ്ടെടുക്കാൻ കഴിയാത്ത ദുരന്തത്തിലേക്ക് കേരളത്തെ കൊണ്ടെത്തിക്കും. ഓരോ ദുരന്തവും വരുമ്പോൾ ഉത്തരവാദപ്പെട്ട ആളുകൾ സന്ദർശിച്ച് ചില പ്രഖ്യാപനങ്ങൾ നടത്തുക എന്നതിലുപരിയായി ശാശ്വതമായി ഇത്തരം ദുരന്തങ്ങളിൽനിന്ന് കേരളത്തെ രക്ഷിക്കാൻ ആവശ്യമായ നയപരമായ മാറ്റങ്ങളും നടപടികളും പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണം-പി മുജീബ്‌റഹ്‌മാൻ കൂട്ടിച്ചേർത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News