മുഖ്യമന്ത്രി പറഞ്ഞിട്ടും തിരുത്തിയില്ല, പാലാ ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കണം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ
'പാലാ ബിഷപ്പ് വിദ്വേഷ പ്രസ്താവന തിരുത്തുമെന്നാണ് കരുതിയത്. അല്ലാത്തപക്ഷം മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു'
മുഖ്യമന്ത്രി പറഞ്ഞിട്ടും നാർക്കോട്ടിക് ജിഹാദ് പരാമർശം തിരുത്താത്ത സാഹചര്യത്തിൽ പാലാ ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ. പരാമർശം തിരുത്താതിരിക്കുന്നത് കേരളീയ സമൂഹത്തോടുള്ള നിഷേധാത്മക നിലപാടാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മീഡിയവണിനോട് പറഞ്ഞു. പ്രസ്താവന വന്ന ആദ്യ ഘട്ടത്തിൽ ബിഷപ്പിനെതിരെ സംസാരിച്ച സർക്കാർ പിന്നീട് പിന്നോട്ട് പോയെന്നും തൊടിയൂർ കൂട്ടിച്ചേർത്തു.
"നാര്‍ക്കോട്ടിക് ജിഹാദ് കേരളീയ സമൂഹം ഇന്നുവരെ കേട്ടിട്ടില്ലെന്നും ബിഷപ്പിന്‍റെ മാത്രം പ്രയോഗമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പാലാ ബിഷപ്പ് വിദ്വേഷ പ്രസ്താവന തിരുത്തുമെന്നാണ് കരുതിയത്. അല്ലാത്തപക്ഷം മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇടയ്ക്കുവെച്ച് അല്‍പമൊന്ന് തണുത്തു. അപ്പോഴേക്കും വിഷയം രൂക്ഷമായി. സംഘപരിവാര്‍ പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസ്താവന ഏറ്റെടുക്കുകയും അത് ഡല്‍ഹി വരെ എത്തുകയും ചെയ്തു. അത് ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ബിഷപ്പ് ഇനിയും തിരുത്താത്തത് കേരളീയ സമൂഹത്തോടും ക്രൈസ്തവ സംസ്കാരത്തോടും കാണിക്കുന്ന നിഷേധമാണ്"