ഷാഫി സഅദിയുടെ പ്രസ്താവനയിൽ മുഖപ്രസംഗവുമായി ബി.ജെ.പി മുഖപത്രം

കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി അടക്കം സുപ്രധാന വകുപ്പുകൾ മുസ്‌ലിംകൾക്ക് നൽകണമെന്നായിരുന്നു ഷാഫി സഅദിയുടെ പ്രസ്താവന.

Update: 2023-05-17 08:16 GMT
Advertising

കോഴിക്കോട്: ബി.ജെ.പി പിന്തുണയോടെ കർണാടക വഖഫ് ബോർഡ് ചെയർമാനായ കാന്തപുരം വിഭാഗം നേതാവ് ഷാഫി സഅദി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവ​ന ഏറ്റെടുത്ത് കേരളത്തിലെ ബി.ജെ.പി മുഖപത്രമായ ജന്മഭൂമി. കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിൽ ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും മു​സ്‍ലിം​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നാണ് ഷാഫി സഅദി ആവശ്യപ്പെട്ടത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടിയതിന്റെ ആപല്‍ക്കരമായ സ്വഭാവം വെളിപ്പെട്ടിരിക്കുന്നു​വെന്നാണ് ഇതേക്കുറിച്ച് ‘ജന്മഭൂമി’ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നത്. ‘തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്നും തങ്ങള്‍ നിര്‍ദേശിക്കുന്ന പ്രാതിനിധ്യം മന്ത്രിസഭയില്‍ അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി കര്‍ണാടക മുസ്‍ലിം ജമാഅത്തും മറ്റും രംഗത്തുവന്നിരിക്കുകയാണ്. ഉപമുഖ്യമന്ത്രി പദവും ആഭ്യന്തരവും റവന്യൂവും ആരോഗ്യവകുപ്പുള്‍പ്പെടെയുള്ള അഞ്ച് സുപ്രധാന വകുപ്പുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് മുസ്‍ലിം സംഘടനകളുടെ ആവശ്യം. മുസ്‍ലിം സമുദായത്തില്‍നിന്നുള്ള ഒരാളെ ഉപമുഖ്യമന്ത്രിയാക്കണമെന്നും, മുപ്പത് സീറ്റ് നല്‍കണമെന്നും തെരഞ്ഞെടുപ്പിന് മുമ്പേ ആവശ്യപ്പെട്ടതാണെന്നും മുസ്‍ലിം മതനേതാക്കള്‍ പറഞ്ഞിരിക്കുന്നു’ -എഡിറ്റോറിയലിൽ പറയുന്നു.

എന്നാൽ, ബി.ജെ.പിയുമായി സജീവ ബന്ധം നിലനിർത്തുന്നയാളാണ് ഷാഫി സഅദി. 2021 ന​വം​ബ​ർ 17നാണ് ​വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക മു​സ്‍ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായ ഷാ​ഫി സ​അ​ദി വി​ജ​യി​ച്ചത്. ബി.​ജെ.​പി​യു​ടെ പി​ന്തു​ണ​യു​ള്ള സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘മു​സ്‍ലിം​ക​ൾ​ക്കും ത​ങ്ങ​ൾ​ക്കു​മി​ട​യി​ലെ വി​ട​വ് നി​ക​ത്തു​ന്ന പാ​ല​മാ​ണ് ഷാ​ഫി സ​അ​ദി​’ എ​ന്നാ​ണ് നി​യ​മ​മ​ന്ത്രി ജെ.​സി. മ​ധു​സ്വാ​മി അ​ന്ന് പ്ര​തി​ക​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ജ​യം ബി.​ജെ.​പി​യു​ടെ നേ​ട്ട​മാ​യി മു​സ്റെ വ​കു​പ്പ് മ​ന്ത്രി ശ​ശി​ക​ല ജോ​ലെ​യും വി​ശേ​ഷി​പ്പി​ച്ചിരുന്നു.


കർണാടക വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റ ഷാഫി സഅദിയെ മന്ത്രി ശശികല ജോലെ ബൊക്കെ നൽകി സ്വീകരിക്കുന്നു

 2010ലും 2016ലും എസ്.എസ്.എഫ് കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ഷാഫി സഅദി, ഉത്തര കര്‍ണാടകയില്‍ എസ്.എസ്.എഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍ ഇഹ്‌സാന്‍ വിദ്യാഭ്യാസ സമുച്ഛയത്തിന്റെ മുഖ്യ സംഘാടകനാണ്. കാന്തപുരം വിഭാഗം സംഘടനയായ കർണാടക മുസ്‍ലിം ജമാഅത്തിന്റെ നേതാവ് കൂടിയാണ് ഇദ്ദേഹം.

മുസ്‍ലിം ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടുള്ള ഷാഫിയുടെ പ്ര​സ്താ​വ​ന​യി​ൽ ദുരൂഹത ആരോപിച്ച് തുടക്കം മുതൽതന്നെ കോൺഗ്രസ് അടക്കമുള്ള സംഘടനകൾ രംഗത്തുവന്നിരുന്നു. പ്രസ്താവനയുടെ സ്വരം ബി.ജെ.പിയുടേതാണെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷാ​ഫി സ​അ​ദി​യു​ടെ തി​ര​ക്കി​ട്ട പ്ര​സ്താ​വ​ന ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​നെ​യും മു​സ്‍ലിം​ക​ളെ​യും താ​റ​ടി​ക്കാ​നു​ള്ള ബി.​ജെ.​പി ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് വി​വ​രം. ഇത് ശരിവെക്കുന്നതാണ് ഇന്നത്തെ ജന്മഭൂമിയുടെ എഡിറ്റോറിയൽ.

‘മുസ്‍ലിംകളുടെ പിന്തുണകൊണ്ടാണ് എഴുപതിലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതെന്ന അവകാശവാദവും മുസ്‍ലിം മതനേതൃത്വം ഉന്നയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പോരടിക്കുമ്പോഴാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യത്തിനുവേണ്ടി വിലപേശല്‍ തന്ത്രവുമായി മുസ്‍ലിം സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേടിയ വിജയം കടുത്ത മതധ്രുവീകരണത്തിന്റെ ഫലമാണെന്നതിന്റെ പരസ്യപ്രഖ്യാപനമാണ് മുസ്‍ലിം നേതാക്കള്‍ നടത്തിയിരിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെട്ട് മതത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതെന്നും വ്യക്തമായിരിക്കുന്നു. ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ വാഗ്ദാനം നല്‍കി കോണ്‍ഗ്രസ് മതപരമായ പിന്തുണ നേടിയെടുക്കുകയായിരുന്നുവെന്നും വെളിപ്പെട്ടിരിക്കുന്നു. ഭരണഘടനാ വിരുദ്ധമായി മതത്തിന്റെ അടിസ്ഥാനത്തില്‍ നിലനിന്നിരുന്ന സംവരണം ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ കോലാഹലമുയര്‍ത്തിയ കോണ്‍ഗ്രസ് ജനാധിപത്യവും മതേതരത്വവുമൊക്കെ മതശക്തികള്‍ക്ക് മുന്നില്‍ അടിയറവെക്കുകയായിരുന്നു. തങ്ങളുടെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസിന്റെ എഴുപതിലേറെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതെന്ന മുസ്‍ലിം നേതാക്കളുടെ അവകാശവാദത്തിന് ഒരു മറുവശമുണ്ട്. മറ്റുള്ളവര്‍ ഹിന്ദുക്കളുടെ പിന്തുണകൊണ്ട് ജയിച്ചവരാണെന്ന വാദം ഇവര്‍ അംഗീകരിക്കുമോ? ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഹിന്ദുസംഘടനകള്‍ മന്ത്രിസഭയിലും മറ്റും പ്രാതിനിധ്യത്തിന് അവകാശമുന്നയിച്ചാല്‍ അതിനോട് ഈ മുസ്‍ലിം നേതൃത്വം എങ്ങനെയാവും പ്രതികരിക്കുക?’ - മുഖപ്രസംഗം പറയുന്നു.

ക​ഴി​ഞ്ഞ ദി​വ​സം സു​ന്നി ഉ​ല​മ ബോ​ർ​ഡി​ന്റെ പേ​രി​ൽ ഒ​രു വി​ഭാ​ഗം സു​ന്നി നേ​താ​ക്ക​ളെ മാ​ത്രം വി​ളി​ച്ചു​കൂ​ട്ടി ഷാ​ഫി സ​അ​ദി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ന്റേ​തെ​ന്ന പേ​രി​ലാ​ണ് വിവാദ ​ആ​വ​ശ്യം ഉന്നയിച്ചത്. സു​ന്നി ഉ​ല​മ ബോ​ർ​ഡി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ പോ​ലു​മ​റി​യാ​തെ​യാ​യി​രു​ന്നു യോ​ഗം. 

ഷാ​ഫി സ​അ​ദി​യു​ടെ പ്ര​സ്താ​വ​ന​ക്ക് പി​റ​കെ വി​ഷ​യം ഏ​റ്റെ​ടു​ത്ത് കോ​ൺ​ഗ്ര​സി​നെ വി​മ​ർ​ശി​ച്ച് ബി.​ജെ.​പി ഐ.​ടി സെ​ൽ മേ​ധാ​വി അ​മി​ത് മാ​ള​വ്യ രം​ഗ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ക​ർ​ണാ​ട​ക​യി​ലെ പ​രാ​ജ​യ​ത്തി​ൽ അ​സ്വ​സ്ഥ​രാ​യ ബി.​ജെ.​പി​യു​ടെ വി​ദ്വേ​ഷ​വും വി​ഷ​വും നി​ർ​മി​ക്കു​ന്ന ഫാ​ക്ട​റി​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​യ​താ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ് പ്ര​തി​ക​രി​ച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News