മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ യുഡിഎഫ് രാജ്യസഭാ സ്ഥാനാർഥി
കേരളത്തിൽ നിന്ന് മുസ്‌ലിം സമുദായത്തിൽ നിന്ന് എംപിമാരില്ലാത്തതും വനിതാ പ്രാതിനിധ്യം, യുവസ്ഥാനാർഥി തുടങ്ങിയ പരിഗണനകളും ജെബി മേത്തറിന് തുണയായി.
മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറെ യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ചർച്ചകൾക്ക് ശേഷം എം.ലിജു, ജെബി മേത്തർ, ജെയ്‌സൺ ജോസഫ് എന്നിവരുടെ പേര് ഹൈക്കമാൻഡിന് കൈമാറിയിരുന്നു. ഇതിൽ നിന്നാണ് ജെബി മേത്തറെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തിരിക്കുന്നത്.
കേരളത്തിൽ നിന്ന് മുസ്‌ലിം സമുദായത്തിൽ നിന്ന് എംപിമാരില്ലാത്തതും വനിതാ പ്രാതിനിധ്യം, യുവസ്ഥാനാർഥി തുടങ്ങിയ പരിഗണനകളും ജെബി മേത്തറിന് തുണയായി. എം.ലിജു, സതീശൻ പാച്ചേനി തുടങ്ങിയവരെ പരിഗണിച്ചിരുന്നെങ്കിലും മുൻ തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായം ഉയർന്നതോടെയാണ് അവരെ ഒഴിവാക്കിയതെന്നാണ് വിവരം.
സിപിഎമ്മും സിപിഐയും യുവസ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ യുഡിഎഫും യുവസ്ഥാനാർഥിയെ പ്രഖ്യാപിക്കണം എന്ന ആവശ്യമുയർന്നിരുന്നു. കെ.വി തോമസ്, കെ.സി ജോസഫ്, എംഎം ഹസൻ തുടങ്ങിയവരും സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ടായിരുന്നു. ഇവരെയെല്ലാം ഒഴിവാക്കിയാണ് ഇപ്പോൾ ജെബി മേത്തറിലേക്ക് ഹൈക്കമാൻഡ് എത്തിയിരിക്കുന്നത്.