ജെസ്ന തിരോധാനക്കേസ്; അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിധി ഇന്ന്

കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് കഴിഞ്ഞദിവസം സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു

Update: 2024-05-03 01:21 GMT
Editor : Jaisy Thomas | By : Web Desk

ജെസ്ന

Advertising

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം സി.ജെ.എം കോടതി വിധി പറയും. കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് കഴിഞ്ഞദിവസം സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.

ഉന്നയിച്ച ആരോപണങ്ങൾക്ക് ആധാരമായ തെളിവുകൾ സീൽ വെച്ച കവറിൽ സമർപ്പിക്കാൻ ജെസ്‌നയുടെ പിതാവ് ജെയിംസിനോട് തിരുവനന്തപുരം സി.ജെ.എം കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇത് ഇന്ന് സമർപ്പിച്ചേക്കും. ജെസ്‌ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അതിനാൽ കേസന്വേഷണം അവസാനിപ്പിക്കണമെന്നുമായിരുന്നു സി.ബി.ഐയുടെ ആവശ്യം. ഇതിനെതിരെ ജെയിംസ് തടസ്സഹരജിയും സമർപ്പിച്ചിരുന്നു.

ജെസ്ന ഗർഭിണിയല്ലെന്നും രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയില്ലെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞിരുന്നു. ചില പ്രധാന കാര്യങ്ങൾ സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയില്ലെന്നുമായിരുന്നു ജെയിംസിന്റെ വാദം. ഇത് സി.ബി.ഐ തള്ളുകയായിരുന്നു.

2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്ന മരിയ ജയിംസിനെ എരുമേലിയില്‍നിന്ന് കാണാതായത്‌. അടുത്ത ദിവസം എരുമേലി പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. 2021 ഫെബ്രുവരിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News