സമസ്തയുടെ പ്രവർത്തനം കേരളത്തിന് പുറത്തേക്ക് ശക്തമായി വ്യാപിപ്പിക്കും-ജിഫ്രി തങ്ങൾ
''ഒരു നൂറ്റാണ്ട് തികയുന്നതോടുകൂടി മുൻ നേതാക്കളുടെ ഭാവനയിലുണ്ടായിരുന്ന പ്രവർത്തനങ്ങൾ ഒരു വിഘ്‌നവുമില്ലാതെ പൂർത്തിയാക്കാനായെന്ന സന്തോഷമുണ്ട്.''
ബംഗളൂരു: സമസ്തയുടെ പ്രവർത്തനം കേരളത്തിന് പുറത്തേക്ക് ശക്തമായി വ്യാപിപ്പിക്കുമെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കേരളത്തിന് പുറത്ത് മുശാവറ യോഗം ചേരാമെന്ന് സമസ്തയുടെ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടെന്നും ജിഫ്രി തങ്ങൾ മീഡിയവണിനോട് പറഞ്ഞു.
സമസ്തയുടെ പ്രവർത്തനം എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ലോകത്തു മുഴുവൻ നടന്നുകൊണ്ടിരിക്കുകയാണ്. അവിടെയെല്ലാം സമസ്തയുടെ പേരിൽ സംഘടനകളുമുണ്ട്. വിദ്യാഭ്യാസ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെല്ലാം ഇന്ത്യയ്ക്കു പുറത്ത് ഉൾപ്പെടെ നടന്നുവരുന്നുണ്ടെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.
''കേരളത്തിനു പുറത്ത് മുശാവറ ചേരുന്നുവെന്നതു വലിയ സംഭവമല്ല. വാർഷികത്തിന്റെ ഉദ്ഘാടനം ഇവിടെ നടക്കുന്നതുകൊണ്ട് മുശാവറയും ചേരുന്നുവെന്നേയുള്ളൂ. മുശാവറ യോഗം കേരളത്തിനു പുറത്തും നടത്താമെന്ന് സമസ്തയുടെ ഭരണഘടനയിലുണ്ട്. നൂറാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ബംഗളൂരുവിലാക്കിയത് കർണാടകക്കാർക്കുള്ള ഗിഫ്റ്റ് ആണ്. വളരെ ശുഭകരമായ അവസ്ഥയാണുള്ളത്.''
സമസ്ത സ്ഥാപിക്കപ്പെട്ട ലക്ഷ്യങ്ങൾ നടത്തിവരികയാണ്. ഒരു നൂറ്റാണ്ട് തികയുന്നതോടുകൂടി മുൻഗാമികളായ നേതാക്കളുടെ ഭാവനയിലുണ്ടായിരുന്ന പ്രവർത്തനങ്ങൾ ഒരു വിഘ്‌നവുമില്ലാതെ പൂർത്തിയാക്കാനായെന്ന സന്തോഷമുണ്ട്. ഇനിയും അതു തുടരുമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
Summary: ''Samastha's activities will be strongly expanded outside Kerala'': Says President Jifri Muthukkoya Thangal