പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ വധം: പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീല്‍ കോടതി തള്ളി

Update: 2024-05-20 10:47 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ വധക്കേസിൽ പ്രതി അമീറുൽ ഇസ്‍ലാമിന്‍റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. പ്രതി യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളും അർഹിക്കുന്നില്ല എന്നാണ് കോടതിയുടെ നിരീക്ഷണം.

നിയമ വിദ്യാർഥിനിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2017 ലാണ് എറണാകുളം സെഷൻസ് കോടതി പ്രതി അമീറുൽ ഇസ്‍ലാമിന് വധശിക്ഷ വിധിക്കുന്നത്.  അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതിയുടെ വധശിക്ഷ ശരിവെക്കണമെന്നായിരുന്നു സർക്കാറിൻ്റെ ആവശ്യം.

ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദം. ശാസ്ത്രീയ തെളിവുകൾ ഉപയോഗിച്ചാണ് അമീറുൾ ഇസ്‍ലാമിനെതിരായ കുറ്റം പ്രോസിക്യൂഷൻ തെളിയിച്ചത്. 2016 ഏപ്രില്‍ 28 നായിരുന്നു പെൺകുട്ടി പെരുമ്പാവൂരിലെ വീട്ടില്‍ വെച്ച് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

പ്രതിയുടെ ഡി.എൻ.എ സാമ്പിളുകൾ വിടിന്റെ പുറത്തെ വാതിലിൽ നിന്നും പെൺകുട്ടിയുടെ നഖത്തിനുള്ളിൽ നിന്നും ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം പ്രതി വീട്ടിൽ നിന്നും ഇറങ്ങി പോകുന്നതിന് ദൃക്‌സാക്ഷികളുമുണ്ട്. പ്രതിയുടെ ചെരുപ്പും മുറിവേൽപ്പിക്കാൻ ഉപയോഗിച്ച കത്തിയും തൊട്ടടുത്ത പറമ്പിൽ നിന്നും കണ്ടെത്തിയിരുന്നു. ഈ തെളിവുകളെല്ലാം കോടതി ശരിവെക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചത്.

വിധിയിൽ സന്തോഷമുണ്ടെന്ന് പെൺകുട്ടിയുടെ അമ്മ പ്രതികരിച്ചു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News