കോഴിക്കോട് കോര്‍പറേഷന്‍റെ പേരില്‍ തൊഴില്‍ തട്ടിപ്പ്: സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി
കോര്‍പറേഷന്‍ ഓഫീസില്‍ എണ്ണൂറിലധികം ഒഴിവുണ്ടെന്ന് കാട്ടി സ്വകാര്യ വെബ്സൈറ്റില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പിന് ശ്രമം നടന്നത്
കോഴിക്കോട് കോര്‍പറേഷന്‍റെ പേരില്‍ തൊഴില്‍ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചു. കോര്‍പറേഷന്‍ ഓഫീസില്‍ എണ്ണൂറിലധികം ഒഴിവുണ്ടെന്ന് കാട്ടി സ്വകാര്യ വെബ്സൈറ്റില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പിന് ശ്രമം നടന്നത്. തട്ടിപ്പുകാർക്കെതിരെ കർശന നടപടി വേണമെന്ന് മേയർ ബീന ഫിലിപ്പ് ആവശ്യപ്പെട്ടു.
സ്വകാര്യ വെബ്സൈറ്റിലാണ് കോഴിക്കോട് കോര്‍പറേഷനില്‍ വിവിധ തസ്തികകളിലേക്ക് ഒഴിവുണ്ടെന്നു കാട്ടി പരസ്യം പ്രത്യക്ഷപ്പെട്ടത്. ക്ലാര്‍ക്ക്, പ്യൂണ്‍ തുടങ്ങിയ തസ്തികകളില്‍ 821 ഒഴിവുണ്ടെന്നും ഇതില്‍ പറയുന്നു. പല അപേക്ഷകരും കോര്‍പറേഷനില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം അധികൃതരറിയുന്നത്. തുടര്‍ന്ന് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയത്.
നിയമനം കരാര്‍ അടിസ്ഥാനത്തിലാണെന്നാണ് പരസ്യത്തില്‍ പറയുന്നത്. 18000 രൂപ ശമ്പളവും 150 രൂപ യാത്രാബത്തയും ലഭിക്കുമെന്നും ഇതില്‍ പറയുന്നു. അഭിമുഖത്തിലൂടെയാകും തെരഞ്ഞെടുപ്പ്. വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്കും നല്‍കിയിട്ടുണ്ട്. ഈ ലിങ്കില്‍ കയറിയാല്‍ കോര്‍പറേഷന്‍റേതെന്നു തോന്നിക്കുന്ന വെബ്സൈറ്റിലേക്കാണ് പ്രവേശിക്കുക. സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇത്തരം പരസ്യങ്ങളെക്കുറിച്ച് ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു.