ജോജു ജോര്‍ജിന്‍റെ വാഹനം തകര്‍ത്ത കേസ്; പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ദേശീയ പാത ഉപരോധിച്ച കേസില്‍ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

Update: 2021-11-05 01:06 GMT
Advertising

നടൻ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.  എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ ജോജുവിന്‍റെ വാഹനം തടഞ്ഞ സമയത്ത് പിന്നിൽനിന്ന് കല്ലുകൊണ്ട് ഇടിച്ചു ഗ്ലാസ് തകർക്കുകയായിരുന്നു എന്നാണ് ജോസഫിന്‍റെ മൊഴി. ഗ്ലാസ് തകരുന്നതിനിടയിലാണ് കൈക്കു പരിക്കേറ്റതെന്നും പ്രതി സമ്മതിച്ചിരുന്നു.  

അതേസമയം, ദേശീയ പാത ഉപരോധിച്ച കേസില്‍ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് കേസിലെ ഒന്നാം പ്രതി. വി.ജെ പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. അനുമതിയില്ലാതെ റോഡ് ഉപരോധിച്ചെന്നാണ് എഫ്.ഐ.ആർ. 

എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. ജോജുവിന്റെ കേസ് സംബന്ധിച്ച തുടര്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. ജോജുവുമായി സംസാരിച്ച് പ്രശ്‌ന പരിഹാരം കാണുമെന്ന് മുഹമ്മദ് ഷിയാസ് വ്യക്തമാക്കിയിരുന്നു.  ഇതിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ചയും നടത്തിയിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News