'ജയപരാജയം നോക്കി മുന്നണി മാറില്ല, പ്രചരിക്കുന്നത് ഗോസിപ്പ്'; ജോസ് കെ.മാണി
രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് ജോസ് കെ.മാണി
തിരുവനന്തപുരം: ജയപരാജയം നോക്കി മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. തങ്ങളുടെ ആവശ്യങ്ങൾ സിപിഎമ്മിനെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും കേരള കോൺഗ്രസിനെ ബിജെപി ക്ഷണിച്ചിട്ടുണ്ടെന്ന് പ്രചരിക്കുന്നത് ഗോസിപ്പെന്നും ജോസ് കെ.മാണി പ്രതികരിച്ചു. രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"എന്തുകൊണ്ടാണ് രാജ്യസഭാ സീറ്റ് തങ്ങൾക്ക് വേണ്ടതെന്നും എങ്ങനെയാണ് തങ്ങളതിന് അർഹരാകുന്നത് എന്നുമൊക്കെ സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. അവരത് കേൾക്കുകയും ചെയ്തു. തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതാണ്. അതിന് ശേഷം ഞങ്ങളെടുത്ത രാഷ്ട്രീയ തീരുമാനമാണ് എൽഡിഎഫിനൊപ്പം നിൽക്കുക എന്നത്. അതൊരു ഉറച്ച തീരുമാനമാണ്.
ജയപരാജയങ്ങൾ വരുമ്പോൾ മാറ്റാനുള്ളതല്ല അത്. പൊളിറ്റിക്കൽ ഗോസിപ്പുണ്ടാക്കി ചർച്ച കൊണ്ടുവരാനുള്ള മാധ്യമങ്ങളുടെ ശ്രമമായേ അതിനെ കാണേണ്ടതുള്ളു. ബിജെപിയിൽ നിന്ന് ഓഫറുണ്ടെന്നതും അങ്ങനെയൊരു ഗോസിപ്പ് ആണ്. അങ്ങനെയൊരു ക്ഷണവും ലഭിച്ചിട്ടില്ല, അങ്ങനെയൊരു മുന്നണിയുടെ അടുത്ത് പോകേണ്ട ആവശ്യവും ഞങ്ങൾക്കില്ല". ജോസ് കെ.മാണി പറഞ്ഞു.